ദില്ലി: ഗോ രക്ഷയുടെ പേരിലുള്ള അക്രമങ്ങൾ തടയണമെന്ന കേസിലെ സുപ്രീംകോടതി നിര്‍ദ്ദശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്തേക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഭരണഘടനയുടെ 256-ആം അനുഛേദപ്രകാരം സംസ്ഥാനങ്ങളിൽ ഇടപെടാൻ കോടതി അനുമതി നൽകിയാൽ രാഷ്ട്രീയ നേട്ടത്തിന് കേന്ദ്രം അത് ഉപയോഗിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

ഭരണഘടനയുടെ 256 -ാം വകുപ്പ്, പ്രത്യേക സാഹചര്യങ്ങളിൽ സംസ്ഥാനങ്ങളിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ്. 256-ാം അനുഛേദ പ്രകാരം നൽകുന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങൾ പാലിച്ചില്ലെങ്കിൽ പിന്നീട് രാഷ്ട്രപതി ഭരണത്തിന് വരെ ശുപാര്‍ശ ചെയ്യാം. ഗോ രക്ഷയുടെ പേരിലുള്ള അക്രമം തടയാൻ ഭരണഘടനയുടെ 256-ാം അനുഛേദം അനുസരിച്ച് സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് സുപ്രീംകോടതിയിൽ കേസ് നൽകിയവരുടെ അപേക്ഷ. 

ഇക്കാര്യത്തിൽ കോടതി കേന്ദ്രത്തിന്‍റെ അഭിപ്രായവും തേടി. കോടതിക്ക് നൽകുന്ന മറുപടിയിൽ 256-ാം അനുഛേദം ഉപയോഗിക്കുന്നതിനെ കേന്ദ്രം എതിര്‍ക്കാൻ സാധ്യതയില്ല. കാരണം കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുന്നതാണ്. കേരളം പശ്ചിമബംഗാൾ ഉൊൾപ്പടെയുള്ള ബിജെപി ഇതര പാര്‍ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി ആയുധമാക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളാണ്.

ഭരണഘടനയുടെ 256 -)ം അനുചേദം പ്രയോഗിക്കണമെന്ന നിർദേശം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ഈ സംസ്ഥാനങ്ങളിലെ ഇടപെടലുകൾക്കും കേന്ദ്ര സര്‍ക്കാരിന് ആയുധമാകുമെന്നാണ് നിയമവിദഗ്ധരുടെ ആശങ്ക.