നാമക്കല്‍: നാമക്കലിന് സമീപമുണ്ടായ കാര്‍ അപകടത്തില്‍ ക്രിക്കറ്റ് താരം കൊല്ലപ്പെട്ടു. തമിഴ്‍നാട് ലീഗ് ക്രിക്കറ്റ് താരങ്ങളുമായി പോവുകയായിരുന്ന രണ്ട് കാറുകളാണ് അപകടത്തില്‍ പെട്ടത്. നാമക്കലിന് സമീപം പാരമതി വലൂരിലാണ് അപകടമുണ്ടായത്. കാറുകള്‍ കൂട്ടിയിടിച്ച് പാലത്തില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തഞ്ചാവൂര്‍ സ്വദേശിയായ ഡി പ്രഭാകരനാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. തമിഴ്‍നാട് ക്രിക്കറ്റ് ലീഗ് മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് ഡി പ്രഭാകരന്‍.
പൊങ്കലിന് അനുബന്ധിച്ച് നാമക്കലില്‍ നടന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായിരുന്നു ടീം നാമക്കലിലെത്തിയത്. മല്‍സര ശേഷം തിരികെ ഹോട്ടലിലേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ സഹതാരങ്ങളെ സേലത്തെയും ഈറോഡിലുമായുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വാഹനങ്ങളുടെ അമിതവേഗതയാണോ അപകടത്തിലേയ്ക്ക് എത്തിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് വിശദമാക്കി. റോഡ് മുറിച്ച് കടക്കാന്‍ നോക്കുന്ന സ്ത്രീയെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതോടെയാണ് അപകടം നടന്നതെന്നും സൂചനയുണ്ട്. മുന്‍പിലെ കാര്‍ പെട്ടന്ന് വെട്ടിച്ചതോടെ പിന്നാലെ വന്ന കാര്‍ ഇടിച്ച് രണ്ട് കാറുകളും പാലത്തില്‍ നിന്ന് താഴേയ്ക്ക് പതിക്കുകയായിരുന്നു.
