കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചത് വഴി രാജ്യത്ത് കുറ്റകൃത്യങ്ങൾ ഗണ്യമായി കുറക്കാൻ കഴിഞ്ഞതായി ഖത്തർ ആഭ്യന്തര മന്ത്രാലയം. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ നാൽപതു ശതമാനം കുറവുണ്ടായതായാണ് വിലയിരുത്തൽ.
നിലവിലുള്ള നിയമ സംവിധാനങ്ങളെ കുറിച്ചു ജനങ്ങൾക്കിടയിൽ ബോധവൽകരണം ശക്തമാക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തതാണു കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകാൻ കാരണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കാപിറ്റല്‍ സുരക്ഷാ വകുപ്പും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍ വകുപ്പും സഹകരിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനമാണ് കുറ്റകൃത്യങ്ങള്‍ കുറയാന്‍ കാരണം. ക്യാപിറ്റല്‍ സെക്യൂരിറ്റി വകുപ്പ് ഡയറക്ടര്‍ പൊലീസ് മാഗസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രജിസ്റ്റര്‍ ചെയ്ത കുറ്റകൃത്യങ്ങളില്‍ കൂടുതലും നിസ്സാരമായ സാമ്പത്തികപ്രശ്നങ്ങളാണ്. ഇവ സുരക്ഷാ പട്രോള്‍ സംഘം നിയന്ത്രിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രജിസ്റ്റർ ചെയ്ത കേസുകളിൽ ഭൂരിഭാഗവും തട്ടിപ്പ്, മോഷണം, ചെക്ക് ബൗണ്‍സ് തുടങ്ങിയ കുറ്റകൃത്യങ്ങളാണ്. പോലീസിൽ ലഭിക്കുന്ന പരാതികളിൽ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കുന്നതിലൂടെ ആഭ്യന്തര മന്ത്രാലയത്തിനും ജനങ്ങൾക്കുമിടയിലെ വിശ്വാസം ബലപ്പെട്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസികളോടും സ്വദേശികളോടും ഇടപെടുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നുണ്ട്. ഇതോടൊപ്പം പൊതുസമൂഹം നേരിടുന്ന മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ കമ്യൂണിറ്റി അംഗങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമിടയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിൽ കമ്യൂണിറ്റി പൊലീസിന്റെ പങ്ക് നിര്ണായകമാണെന്നും ക്യാപിറ്റല്‍ സെക്യൂരിറ്റി വകുപ്പ് ഡയറക്ടര്‍ പറഞ്ഞു. ഗുരുതര കുറ്റങ്ങളിലുള്ള കേസുകളുടെ എണ്ണത്തില്‍ 48 മുതല്‍ 49.2 ശതമാനം വരെ കുറവുണ്ടായതായാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
