താമരശ്ശേരി പഴയ ബസ്റ്റാന്റിന് സമീപത്തെ മഞ്ചു ചിക്കന്‍സ്റ്റാളില്‍ മോഷണം നടത്തുന്നതിനിടെയാണ് കിഴിശ്ശേരി കരണികുന്ന് ശിവദാസനെ ജീവനക്കാര്‍ കയ്യോടെ പിടികൂടിയത്. പുലര്‍ച്ചെ മൂന്നുമണിയോടെ കോഴികളെയുമായി എത്തിയ ലോറി ശ്രദ്ധയില്‍പെട്ടതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ശിവദാസനെ ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടിയത്.

ചിക്കന്‍ സ്റ്റാള്‍ കെട്ടിടത്തിന്റെ ചുമര്‍ രണ്ട് ബാഗത്ത് തുരക്കാന്‍ ശ്രമിച്ചെങ്കിലം വിഫലമാവുകയായിരുന്നു. തുടര്‍ന്ന് മേല്‍ക്കൂരയുടെ ഷീറ്റ് ഇളക്കിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അകത്തു സ്ഥാപിച്ച സിസി ടിവി കാമറയും മോണിറ്റും തകര്‍ത്ത ശേഷം മേഷയില്‍ സൂക്ഷിച്ച 68000 രൂപ മോഷ്ടാക്കള്‍ കൈക്കലാക്കി. രാത്രിയില്‍ കോഴികളുമായി വരുന്ന ഏജന്റിനു നല്‍കാന്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്.

ചുങ്കത്തെ ബീഫ് സ്റ്റാളിലെ നേര്‍ച്ചപ്പെട്ടിയിലെ പണവും, മറ്റൊരു ചിക്കന്‍ സ്റ്റാളില്‍ സൂക്ഷിച്ച പണവും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച പണവുമായാണ് ഒരാള്‍ ഓടി രക്ഷപ്പെട്ടത്. പ്രതിയെ ചോദ്യം ചെയ്‌തെങ്കിലും കൂടെയുണ്ടായിരുന്ന ആളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. പോലീസ് സ്‌റ്റേഷന്റെ വിളിപ്പാടകലെയുള്ള സ്ഥാപനങ്ങളില്‍പോലും മോഷണം നടക്കുന്നത് വ്യാപാരികളെ ഭീതിയിലാക്കുകയാണ്.