കൊച്ചി: എറണാകുളം ചെല്ലാനം പള്ളിയിൽ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തിൽ അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മദ്യപിച്ചെത്തിയവരെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ചെല്ലാനം സെന്‍റ്.സെബാസ്റ്റ്യൻ പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെയാണ് സംഘർഷമുണ്ടായത്. മദ്യപിച്ചെത്തിയവർ ഗാനമേള നടക്കുന്നതിനിടെ വേദിയിൽ കയറി ബഹളമുണ്ടാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇവരെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ യുവാക്കൾ കൂട്ടമായി എത്തി പൊലീസുകാരെ തല്ലി.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഡീഷണൽ എസ്ഐ ദിലീപ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ദിലീപിന്‍റെ തലയ്ക്കാണ് പരിക്ക്. കാലിന് പരുക്കേറ്റ മറ്റൊരു അഡീഷണൽ എസ്ഐ രാജപ്പനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐയുടെയും മറ്റ് രണ്ട് പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല. സംഘർഷമുണ്ടാക്കിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
