തെളിവെടുപ്പിനിടെ പൊലീസിനെ കബളിപ്പിച്ച് മുങ്ങിയ പ്രകൃതി വിരുദ്ധ പീഡനക്കേസിലെ പ്രതി വൈദികൻ തോമസ് പാറേക്കളത്തിനെ അറസ്റ്റ് ചെയതു. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. പ്രതി രക്ഷപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കാനും തീരുമാനം.

തമിഴ്നാട്ടിലെ മധുരയ്ക്കടുത്ത് ഉസ്ലാംപെട്ടിയിലെ എസ്ഡിഎം സെമിനാരിയുടെ കെട്ടിടത്തിൽ നിന്നുമാണ് ഫാദർ തോമസ് പാറേക്കളത്തിനെ അന്വേഷണ സംഘം പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എസ്.ഡി.എം സന്യാസ സമൂഹത്തിലെ അംഗമാണ് ഇയാൾ. പ്രതിയെ കോട്ടാത്തല മൂഴിക്കോട് സെന്റ് മേരീസ് പള്ളിയിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. വൈദിക പഠനത്തിനായെത്തിയ തിരുവനന്തപുരം പൂവ്വാർ സ്വദേശിയായ 14 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതേ തുടർന്ന് പഠനം നിർത്തിപോയ 14 കാരൻ പിന്നീട് പൂവ്വാർ സിഐയ്ക്ക് പരാതി നൽകി. മറ്റു മൂന്ന് കുട്ടികളെ പീഡിപ്പിച്ചതായും പരാതിയിൽ ഉണ്ട്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പ്രതി സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നതിനിടയിലാണ് മുങ്ങിയത്. പ്രതിയെ കൊണ്ടുവരുമ്പോൾ എടുക്കേണ്ട മുൻകരുതൽ എടുക്തില്ലന്നും സംഭവം നടന്ന സ്റ്റേഷനിൽ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇതേകുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൊട്ടാരക്കര സിഐയ്ക്കാണ് അന്വേഷണ ചുമതല.