തിരുവനന്തപുരം: വാഹനങ്ങൾ തടഞ്ഞുനിർത്തി കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികൾ നെയ്യാറ്റിൻകര പൊലീസിന്‍റെ പിടിയിലായി. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ ലോറി ഡ്രൈവറെ ആക്രമിച്ച് കവർച്ചനടത്തിയ കേസിന്‍റെ അന്വേഷണത്തിലാണ് ഇവർ കുടങ്ങിയത്.
തിരുവനന്തപുരം പെരുമ്പഴുതൂർ സ്വദേശികളായ അനൂപ്, റോജി, തൊഴുക്കൽ സ്വദേശി മണികണ്ഠൻ, കീളിയോട് സ്വദേശി വിജിൽ കുമാർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ചെട്ടികുന്നു പ്രദേശത്ത് ടിപ്പർ ലോറി തടഞ്ഞുനിർത്തി ഡ്രൈവറുടെ കഴുത്തിൽ കിടന്ന രണ്ടര പവന്‍റെ മാലയും മൂവായിരം രൂപയും സംഘം കവർന്നിരുന്നു.
അക്രമണത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ സുധീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് നടന്ന നിരവധി കവർച്ചാക്കേസുകളിൽ പിടിയിലായവർക്ക് പങ്കുണ്ടെന്നും സംഘത്തിലെ മറ്റുള്ളവരും ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
