പാലക്കാട്: സ്‍കൂളില്‍ വിദ്യാര്‍ത്ഥി സമരത്തിനിടെ മാരകായുധവുമായെത്തിയ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. ചെര്‍പ്പുളശശേരി ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥി സമരത്തിനിടെ മാരകായുധവുമായെത്തിയ ആർഎസ്എസ് പ്രവർത്തകരായ എഴുവന്തല പരിയാരത്തൊടി കൃഷ്ണദാസ്, കാറല്‍മണ്ണ വടക്കേപുരയ്ക്കല്‍ വൈശാഖ് എന്നിവരാണ് പിടിയിലായത്. നെല്ലായയില്‍ ബൈക്കുകൾ കത്തിച്ചകേസിൽ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയാണ് കൃഷ്ണദാസ്.

തിരുവനന്തപുരത്ത് ലോ കോളേജ് സമരത്തോട് ആഭിമുഖ്യം പ്രഖ്യാപിച്ച് ചെര്‍പുളശ്ശേരി ഗവ ഹൈസ്കൂളില്‍ എബിവിപി സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നതിനാല്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുത്ത് ഉച്ചക്ക് ശേഷം മാത്രം വിട്ടാല്‍ മതിയെന്ന് അധ്യാപകർ തീരുമാനിച്ചു. ഇതിനെതിരെ എബിവിപിയും ആര്‍എസ്എസും സ്കൂളിന് പുറത്ത് പ്രതിഷേധം നടത്തി. ഇവരുടെ കൈവശം ആയുധങ്ങള്‍ ഉണ്ടെന്ന് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി, ആയുധങ്ങള്‍ പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

എഴുവന്തല പരിയാരത്തൊടി കൃഷ്ണദാസ് (30), കാറല്‍മണ്ണ വടക്കേപുരയ്ക്കല്‍ വൈശാഖ് (18) എന്നിവരാണ് പൊലീസ് പിടിയിലായത്. നെല്ലായയില്‍ ബൈക്കുകള്‍ക്ക് തീയിട്ട കേസില്‍ പ്രതിയാണ് കൃഷ്ണദാസ്. ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളിലാണ് ഇയാള്‍ വീണ്ടും അറസ്റ്റിലാകുന്നത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി. സ്കൂളില്‍ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളും എബിവിപിയും സംഘം ചേര്‍ന്ന് ചെറിയ വാക്കേറ്റവും സംഘര്‍‍ഷവും നടന്നിരുന്നു. ആയുധങ്ങള്‍ കൂടി കണ്ടെടുത്ത സാഹചര്യത്തില്‍ സ്കൂള്‍ പരിസരത്ത് പൊലീസ് പ്രത്യേക ജാഗ്രത പുലര്‍ത്തി വരികയാണ്.