കേസിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രതി ജസ്റ്റിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. കേസുമായി ബന്ധപ്പെട്ട്  തെളിവെടുപ്പ് തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 

തൃശ്ശൂര്‍: എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിനി ആൻലിയയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. കേസിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രതി ജസ്റ്റിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 

മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആൻലിയയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസിൽ പ്രതിയായ ആൻലിയയുടെ ഭർത്താവ് ജസ്റ്റിൻ കഴിഞ്ഞ ദിവസം ചാവക്കാട് കോടതിയിൽ കീഴടങ്ങിയിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ക്രൈംബ്രാഞ്ച് അന്നക്കരയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി. 

ഇനി തൃശ്ശൂർ റെയിൽവേ സ്റ്റേഷനുൾപ്പെടെ മറ്റ് സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഓഗസ്റ്റ് 28 ന് രാത്രിയാണ് ആലുവക്കടുത്ത് പെരിയാർ നദിയിൽ നിന്നും ആൻലിയയുടെ മൃതദേഹം കണ്ടെത്തിയത്.ഭര്‍ത്തൃ വീട്ടിലെ പീഡനമാണ് മരണത്തിന് കാരണമെന്നാണ് യുവതിയുടെ മാതാപിതാക്കളുടെ പരാതി. സംഭവദിവസം ബെഗളൂരുവിലേക്ക് പരീക്ഷയ്ക്ക് പോകാൻ ജസ്റ്റിനാണ് ആൻലിയയെ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കിയത്. ആൻലിയയെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെട്ടതും ജസ്റ്റിനാണ്. 

ഓ​ഗസ്റ്റ് 28നാണ് ഇരുപത്തിയഞ്ചുകാരിയായ ആൻലിയയുടെ മൃതദേഹം പെരിയാറില്‍ കണ്ടെത്തിയത്.വിദേശ മലയാളികളായ ഹൈജിനസ് പാറയ്ക്കലിന്റെയും ലീലാമ്മ ഹൈജിനസിന്റെയും മകളാണ് ആൻലിയ. തൃശൂര്‍ സ്വദേശി ജസ്റ്റിന്‍ മാത്യുവുമായി രണ്ടു കൊല്ലം മുമ്പാണ് ഇവർ മകളുടെ വിവാഹം നടത്തിയത്. ഇപ്പോള്‍ എട്ടുമാസം പ്രായമായ മകനുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 25 ന് ഭര്‍തൃവീട്ടില്‍ നിന്നും പോയ ആൻലിയയെ കാണാതാകുകയായിരുന്നു. 

മകളെ കാണാനില്ലെന്ന് റെയില്‍വേ പൊലീസില്‍ പരാതിപ്പെട്ടതായി ഇവർ പറയുന്നു. എന്നാല്‍ മൃതദേഹം കണ്ടെത്തിയ ശേഷമാണ് മകളെ കാണാതായതും പരാതി കൊടുത്തതുമെല്ലാം മാതാപിതാക്കള്‍ അറിയുന്നത്. ആന്‍ലിയയുടെ ഡയറി പരിശോധിച്ചതില്‍ ഭര്‍ത്തൃവീട്ടില്‍ ഏറ്റ കടുത്ത പീഡനത്തെക്കുറിച്ചുള്ള കുറിപ്പുകളും ആന്‍ലിയ വരച്ച ചില ചിത്രങ്ങളും കണ്ടെത്തിയിരുന്നു. മരണപ്പെടുന്നതിന് തലേദിവസം സഹോദരനുമായി ആന്‍ലിയ നടത്തിയ വാട്സാപ്പ് ചാറ്റിലെ വിവരങ്ങളും ഗാര്‍ഹിക പീഡനത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.