ദില്ലി: എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ജെഎന്‍യു കാമ്പസ്സില്‍ നിന്ന് കാണാതായ ഒന്നാം വര്‍ഷ എംഎസ്‌സി വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന് വേണ്ടി ക്രൈംബ്രാഞ്ച് ക്യാമ്പസ്സില്‍ തിരച്ചില്‍ നടത്തി.. നജീബിന്റെ അമ്മ കൊടുത്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതിയാണ് തെരച്ചില്‍ നടത്താന്‍ ഉത്തരവിട്ടത്.

എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15നാണ് നജീബ് അഹമ്മദിനെ ജെഎന്‍യു ക്യാമ്പസ്സില്‍ നിന്നും കാണാതാകുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ദില്ലി പൊലീസ് അന്വേഷണം നടത്തിയെങ്കിലും നജീബിനെ കണ്ടെത്താനായില്ല. നജീബ് സ്വയം ക്യാമ്പസ് വിട്ട് ഇറങ്ങിപ്പോയതാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. 

എന്നിട്ടും കേസില്‍ പുരോഗതിയില്ലാത്തതിനാല്‍ നജീബിന്റെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കഴിഞ്ഞ ആഴ്ച്ച ദില്ലി ഹൈക്കോടതി ജെഎന്‍യു ക്യാമ്പസ്സില്‍ തെരച്ചില്‍ നടത്താന്‍ ഉത്തരവിട്ടത്.

പൊലീസ് നായയെ ഉപയോഗിച്ച് ക്യാമ്പസ്സിന്റെ ഒരു ഭാഗം വിടാതെ പരിശോധന നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. തെരച്ചിലിനിടെ എന്തെങ്കിലും സൂചന ലഭിച്ചോ എന്ന കാര്യം ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടില്ല. നജീബിനെ കണ്ടെത്താന്‍ ദില്ലി പൊലീസ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ദില്ലി പോലീസ് വക്താവ് ദേബേന്ദ്ര പതക് പറഞ്ഞു.