ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് വരാപ്പുഴ കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്നത്.

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും. മരിച്ച ശ്രീജിത് അടക്കമുളള പ്രതികളെ കസ്റ്റഡിയിലെടുത്ത വരാപ്പുഴ എസ്.ഐ അടക്കമുളളവര്‍ക്ക് നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. കസ്റ്റഡി മരണത്തിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് ബി.ജെ.പി പ്രതിഷേധ ദിനം ആചരിക്കുകയാണ്.

ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള സംഘമാണ് വരാപ്പുഴ കസ്റ്റഡി മരണക്കേസ് അന്വേഷിക്കുന്നത്. ഉന്നത പൊലാസ് ഉദ്ദ്യോഗസ്ഥരടങ്ങുന്ന സംഘം വൈകിട്ടോടെ കേസ് രേഖകള്‍ കൈപ്പറ്റും. പോസ്റ്റുമോര്‍ടം റിപ്പോര്‍ട്ട് അടക്കമുളള കാര്യങ്ങള്‍ കിട്ടിയശേഷമാകും തുടര്‍ നടപടി. ശ്രീജിത് അടക്കമുള്ളവര്‍ ഉള്‍പ്പെട്ട വീട് ആക്രമക്കേസും പ്രത്യേക സംഘം പരിശോധിക്കും. ഇതിനിടെ വരാപ്പുഴ എസ്.ഐക്കെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പായി.

ശ്രീജിത്തടക്കമുളളവരെ കസ്റ്റഡിയില്‍ എടുത്തശേഷം നടത്തിയ പൊലീസ് നടപടികളില്‍ വീഴ്ചപറ്റിയെന്നാണ് വിലയിരുത്തല്‍. ഒരു സംഘര്‍ഷ സ്ഥലത്ത്നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധന നടത്താന്‍ വൈകിയതില്‍ വീഴ്ച പറ്റിയെന്നാണ് കരുതുന്നത്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘവും പരിശോധിക്കും. പോസ്റ്റുമോര്‍ടം നടപടികള്‍ക്കുശേഷം ശ്രീജിത്തിന്റെ മൃതദേഹം ഇന്നലെ രാത്രി വരാപ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വിലാപ യാത്രയയാണ് മൃതദേഹം വരാപ്പുഴയില്‍ നിന്ന് വീട്ടിലെത്തിച്ചത്.