കാസര്‍കോട്: ജില്ലയില്‍ ക്രമസമാധാനത്തിനും കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനുമായി പോലീസ് സ്ഥാപിച്ചത് 95 സിസിടിവി ക്യാമറകള്‍. ജില്ലയുടെ പ്രധാന ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ വെറും എട്ടെണ്ണം. കൊലപാതകങ്ങളും അക്രമ സംഭവങ്ങളും തുടര്‍ക്കഥയാകുന്ന ജില്ലയിലാണിത്. ജില്ലയില്‍ നിയമ സംവിധാനങ്ങളും ക്രമസമാധാനവും സുഗമമാക്കാനായി പോലീസ് സ്ഥാപിച്ച 95 കാമറകളില്‍ 81 എണ്ണം കണ്ണടച്ചിട്ട് വര്‍ഷം മൂന്ന് തികയുന്നു.

2015 ഡിസംബറില്‍ കണ്ണടച്ച സിസിടിവി ക്യാമറകള്‍ നന്നാക്കിയെടുക്കാനായി കെല്‍ട്രോണുമായി ബന്ധപ്പെട്ടെങ്കിലും നടന്നില്ല. ക്യാമറകള്‍ നന്നാക്കാന്‍ കെല്‍ട്രോണ്‍ ആവശ്യപ്പെട്ട 30 ലക്ഷം രൂപ അധികമാണെന്ന നിലപാടിലായിരുന്നു പോലീസ്. ഏതു കുറ്റകൃത്യങ്ങള്‍ നടന്നാലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറയുന്നത്. സ്വന്തം സിസിടിവികളല്ല, സ്വകാര്യ വ്യക്തികള്‍ സ്ഥാപിച്ച ക്യാമറകളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പോലീസ് പരിശോധിക്കുന്നത്. ജില്ലയില്‍ അക്രമ സംഭവങ്ങള്‍ തുടരുമ്പോള്‍ പോലീസിന്റെ പ്രധാന പിടിവള്ളിയായ സിസിടിവി ക്യാമറകള്‍ പുനസ്ഥാപിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.