ദില്ലി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ രാജ്യതലസ്ഥാനത്ത് വർധിക്കുന്നതായി കണക്കുകൾ. ദില്ലിയിൽ റിപ്പോർട്ട് ചെയ്യുന്ന പീഡനക്കേസുകളിൽ 44 ശതമാനവും പോക്സോ കേസുകളാണ്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയുടെ കണക്കുകളും ഭയപ്പെടുത്തുന്നതാണ്.
2012 ൽ രാജ്യത്തെ നടുക്കിയ നിർഭയ കേസ് മുതൽ ഏറ്റവുമൊടുവിൽ നാല് വയസ്സുകാരിക്ക് ഏൽക്കേണ്ടിവന്ന ലൈംഗിക പീഡനം വരെ. ദില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഇതിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി പൊലീസിന്‍റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്ത പീഡനക്കേസുകളിൽ പകുതിയും കുട്ടികൾക്കെതിരായ പോക്സോ കേസുകളാണ്. ദില്ലിയുടെ അതിർത്തി ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയുള്ള കവർച്ച, പീഡനം തുടങ്ങിയ കേസുകൾ ഓരോ വർഷവും കൂടിവരുന്നു. 2015 ൽ 55 ശതമാനയിരുന്നെങ്കിൽ 2016 ൽ 59 ശതമാനമായി കേസുകൾ വർധിച്ചു. കുറ്റവാളികളെ പിടികൂടുന്ന കാര്യത്തിലും ദില്ലി പൊലീസ് അലംഭാവം കാട്ടുന്നുവെന്ന് കണക്കുകളിൽ വ്യക്തം
പൊലീസ് ഉദ്യോഗസ്ഥരുടെ കുറവാണ് ദില്ലയിലെ കുറ്റകൃത്യങ്ങൾ വർധിക്കാൻ മറ്റൊരു കാരണം. 12 ഡിസിപി ഓഫീസുകളിൽ ഉന്നത ഉദ്യോഗസ്ഥർ മുതൽ സിവിൽ പൊലീസ് ഓഫീസർമാരുടെ എണ്ണത്തിൽ വരെ ഗണ്യമായ കുറവാണുള്ളത്.
