തിരുവനന്തപുരം: പെൺസുഹൃത്തുകൾക്കൊപ്പം കോളേജിലെത്തിയ യുവാവിനെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം. മർദ്ദനത്തിൽ പരുക്കേറ്റ യുവാവിനെയും വിദ്യാർത്ഥിനികളെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടികൾക്കൊപ്പം ഇരുന്നെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് കുട്ടികൾ പരാതിപ്പെട്ടു,
യൂണിവേഴ്സിറ്റി കോളേജിൽ നാടകോത്സവം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. നാടകം കാണാൻ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനികളായ അസ്മിതയ്ക്കും, സൂര്യഗായത്രിക്കുമൊപ്പം ജിജീഷ് എന്ന യുവാവുമെത്തിയിരുന്നു.നാടകം കാണാൻ മൂവരും ഒരുമിച്ചായിരുന്നു ഇരുന്നത്. ഇതിനിടയിൽ ചിലർ യുവാവിനെ വിളിച്ചുകൊണ്ടുപോയി ഭീഷണിപ്പെടുത്തി. കോളേജിന് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് മർദ്ദനമുണ്ടായത്.
ജിജീഷിനെ മർദ്ദിക്കുന്നത് ഒപ്പമുണ്ടായിരുന്ന സൂര്യഗായത്രിയും അസ്മിതയും ചെറുത്തു. ഇവരെ ആൺകുട്ടികൾ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തെന്ന് പെൺകുട്ടികൾ പറയുന്നു.
പരുക്കേറ്റവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയൽ പ്രവേശിപ്പിച്ചു. കൺന്‍റോൺമെന്‍റ് പോലീസ് ആശുപത്രിയിലെത്തി മൊഴിരേഖപ്പെടുത്തി. അതേസമയം കോളേജിലെ പെൺകുട്ടിയോട് യുവാവ് അപമര്യാദയായി പെരുമാറിയെന്നും ഇതേ തുടർന്നാണ് പ്രശനങ്ങളുണ്ടായെതെന്നും എസ് എഫ്ഐ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
