പാറ്റ്ന: പെണ്‍കുഞ്ഞുങ്ങളെ നദിയില്‍ എറിഞ്ഞ ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി. ബീഹാറിലെ ബഗുസരായ് ജില്ലയില്‍ നിമന്‍പുര എന്ന ഗ്രാമത്തിലാണ് സംഭവം. കനത്ത മഴയില്‍ നിറഞ്ഞുകവിയുന്ന നദിയില്‍ വീണെങ്കിലും കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രണ്ടും നാലും വയസുള്ള കുട്ടികളാണ് അമ്മയുടെ ക്രൂരതയ്ക്ക് ഇരയായത്. മീന്‍പിടുത്തക്കാരുടെ സമയോചിതമായ ഇടപെടലാണ് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്.
കുട്ടികള്‍ ആശുപത്രിയില്‍ വിദഗ്ധചികിത്സയിലാണ്. കുട്ടികളെ ആശുപത്രിയില്‍ കാണിക്കാന്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ യുവതി ഗന്‍ഡക്ക് നദിക്ക് സമീപം എത്തിയപ്പോള്‍ കുട്ടികളെ നദിയിലേയ്ക്കു വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് സമീപത്ത് കാത്തുനിന്ന കാമുകനൊപ്പം ബൈക്കില്‍ സ്ഥലം വിട്ടു. കുട്ടികളുടെ മുത്തച്ഛന്റെ പരാതിയില്‍ യുവതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാല്‍ യുവതി ഒളിവിലാണ് ഇവരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ഊര്‍ജിതമായി നടക്കുന്നതായി പോലീസ് അറിയിച്ചു.
