തൃശൂര്‍: തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബം മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യ മൊഴി നല്‍കി. ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരമാണ് മൊഴി നല്‍കിയത്. ഇതിനിടെ ക്രൈംബ്രാഞ്ച് മേധാവി എ ഹേമചന്ദ്രന്‍ വിനായകന്റെ വീട് സന്ദര്‍ശിച്ചു.

തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വിനായകന്റെ പിതാവ് കൃഷ്ണന്‍കുട്ടി രഹസ്യ മൊഴി നല്‍കിയത്. വിനായകന്റെ കൂടെ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും ദൃക്‌സാക്ഷിയുമായ ശരത്ത്, മറ്റൊരു സുഹൃത്ത് വൈഷ്ണവ് എന്നിവരും മൊഴി നല്‍കിയിട്ടുണ്ട്. വിനായകന്റെ അച്ഛനോടൊപ്പം പാവറട്ടി പൊലീസ് സ്റ്റേഷനിലെത്തിയ അയല്‍വാസിയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പുതുതായി അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരമാണ് മൊഴി നല്‍കിയതെന്ന് വിനായകന്റെ അച്ഛന്‍ പറഞ്ഞു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയും പ്രതീക്ഷയുമുണ്ടെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

ഇതിനിടെ വിനായകന്റെ വീട് ക്രൈംബ്രാഞ്ച് മേധാവി എ ഹേമചന്ദ്രന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ മാസമാണ് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ആത്മഹത്യ ചെയ്തത്.