ദില്ലി: ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ എം എസ് സി വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. തിരോധാനത്തിന് 29 ദിവസം കഴിഞ്ഞിട്ടും നജീബിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് ദില്ലി പൊലീസിന്റെ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇടപെട്ട് പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറിയിരുന്നു. നജീബ് വിഷാദ രോഗിയാണെന്നും നാടുവിട്ട് പോയിരിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടി നാലുദിവസം മുമ്പാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് ശേഷമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കഴിഞ്ഞമാസം 14നാണ് എ ബി വി പി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ശേഷം നജീബിനെ കാണാതായത്. പൊലീസും കേന്ദ്രസര്‍ക്കാരും അന്വേഷണത്തില്‍ വീഴ്ചവരുത്തുകയാണെന്നാണ്‍് നജീബിന്റെ ബന്ധുക്കളുടേയും ജെ എന്‍ യു വിദ്യാര്‍ത്ഥികളുടേയും ആരോപണം.