സര്‍ക്കാറും മാനേജ്മെന്റുകളും നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനാല്‍ സ്വാശ്രയ എഞ്ചിനീയറിംഗ് പ്രവേശനത്തിലെ അനിശ്ചിതത്വം തുടരുകയാണ്. സർക്കാരിന്റെ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് മാനേജ്മെന്റുകളുമായുള്ള ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്  വ്യക്തമാക്കി.  എന്‍ട്രന്‍സിന് പകരം പ്രവേശനത്തിന് പ്ലസ്ടു മാനദണ്ഡമാക്കിയില്ലെങ്കിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമെന്ന മാനേജ്മെന്റുകളുടെ വാദം മന്ത്രി തള്ളി

സർക്കാർ ഉറച്ച നിലപാടെടുത്തതോടെ മാനേജ്മെന്റുകൾ പിന്നോട്ട് പോകാനാണ് സാധ്യത. അസോസിയേഷനിലെ ഒരു വിഭാഗത്തിന്  സർക്കാറുമായി ധാരണയിലെത്തണമെന്ന നിലപാടുണ്ട്. ഈ വർഷം ധാരണയിലെത്തിയാൽ മാനേജ്മെന്റുകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പഠിക്കാൻ സമിതിയെ വെക്കാമെന്ന ഒത്ത്തീർപ്പ് നിർദ്ദേശം സർക്കാർ വെക്കാനിടയുണ്ട്. ജൂണ്‍ 30നുള്ളിൽ ആദ്യ അലോട്ട്മെന്റ് പൂർത്തിയാകണമെന്നുള്ളതും മാനേജ്മെന്റുകളെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.