ദില്ലി: സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലെ പൊട്ടിത്തെറി പരിഹരിക്കാനുള്ള സമവായ ചര്‍ച്ചകള്‍ക്ക് ഇന്ന് സാധ്യത. പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ജഡ്ജിമാരുമായി ചര്‍ച്ചകള്‍ നടന്നേക്കും. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷനും അടിയന്തിര യോഗം വിളിച്ചു. കോടതിയിലെ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്.
സമാനതകളില്ലാത്ത വലിയ പ്രതിസന്ധിയിലാക്കാണ് രാജ്യത്തെ പരമോന്നത നീതിപീഠം എത്തിച്ചേര്‍ന്നിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശാന്തഭൂഷന്‍, രാംജത് മാലാനി ഉള്‍പ്പടെയുള്ള മുതിര്‍ന്ന അഭിഭാഷകര്‍ ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിന് ശേഷം ചീഫ് ജസ്റ്റിസായിരുന്ന അല്‍ത്തമസ് കബീറിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നു. നീറ്റ് കേസില്‍ ചീഫ് ജസ്റ്റിസായിരിക്കെ അല്‍ത്തമസ് കബീര്‍ ഇറക്കിയ വിധിയില്‍ സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതേകുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിയില്‍ പ്രത്യേക സംവിധാനമുണ്ടാക്കി. പക്ഷെ, അന്വേഷണ റിപ്പോര്‍ട്ടൊന്നും പുറത്തുവന്നില്ല.
ആ കാലത്ത് ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിലും ആരോപണങ്ങള്‍ ഉയര്‍ന്നു. അങ്ങനെ ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതികളൊക്കെ കോടതിയുടെ അകത്തളങ്ങള്‍ മുങ്ങിപ്പോകുന്ന ഒരു സാഹചര്യത്തില്‍ നിന്നാണ് ഇപ്പോള്‍ ജഡ്ജിമാര്‍ തമ്മിലുള്ള പിളര്‍പ്പ് പുറത്തേക്ക് എത്തിയിരിക്കുന്നത്. അതിന് ജസ്റ്റിസ് ബി.എച്ച്.ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ഒരു കാരണമായി എന്നുമാത്രം. പ്രശ്‌നപരിഹരിത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കില്‍ അത് എങ്ങനെ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. എല്ലാ ജഡ്ജിമാരും ഉള്‍പ്പെട്ട കോടതി വിളിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
പ്രശ്‌നപരിഹാരത്തിനായി ചീഫ് ജസ്റ്റിസുമായും പ്രതിഷേധിച്ച് ഇറങ്ങിപ്പോയ ജസ്റ്റിസുമാരായ ജെ.ചലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, കുര്യന്‍ ജോസഫ്, മദന്‍ പി ലോക്കൂര്‍ എന്നിവരുമായും ഇന്ന് സഹ ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരുമൊക്കെ ചര്‍ച്ച നടത്തിയേക്കും. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും പ്രശ്‌നപരിഹാരത്തിനായി ഇടപെടുന്നുണ്ട്. പ്രശ്‌നങ്ങള്‍ ഇന്ന് തീരുമാനമെന്നാണ് അറ്റോര്‍ണി ജനറല്‍ പറഞ്ഞത്. പ്രതിസന്ധി ചര്‍ച്ച ചെയ്യാനായി സുപ്രീംകോടി ബാര്‍ അസോസിയേഷന്റെ യോഗവും ഇന്ന് ചേരുന്നുണ്ട്. കോടതി തന്നെ തര്‍ക്കങ്ങള്‍ തീര്‍ക്കട്ടേ എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. എങ്കിലും കോടതിയിലെ സാഹചര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്.
