ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്ലായിരുന്നേല്‍ അത് ചുവപ്പ് കാര്‍ഡായേനെ, വിമര്‍ശനവുമായി ഇറാൻ പരിശീലകൻ

ലോകകപ്പില്‍ ഇറാനെതിരെയുള്ള മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‍ക്ക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഇറാൻ പരിശീലകൻ കാര്‍ലോസ് രംഗത്ത് എത്തി.

ഇറാനെതിരെ പെനാല്‍ട്ടി നഷ്‍ടപ്പെടുത്തിയതിന്റെ സംഘര്‍ഷത്തിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അതിനിടിയിലാണ് പന്തിനായുള്ള പോരാട്ടത്തില്‍ ഇറാൻ താരം മോര്‍ടേസയെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൈമുട്ടു കൊണ്ട് തട്ടി വീഴ്‍ത്തിയത്. റഫറി നടപടിയെടുക്കാൻ വൈകിയപ്പോള്‍ ഇറാൻ താരങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. ഒടുവില്‍ റഫറി വാര്‍ സംവിധാനത്തിന്റെ സഹായം തേടുകയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‍ക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയേക്കും എന്ന് കമന്ററിയും വന്നു. എന്നാല്‍ മഞ്ഞ കാര്‍ഡ് നല്‍കാൻ തീരുമാനിക്കുകയായിരുന്നു. കൈമുട്ട് ഇടിക്കുന്നത് വ്യക്തമായി കാണാമായിരുന്നുവെന്നും അതിന് റെഡ് കാര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്നും ഇറാൻ പരിശീലകൻ കാര്‍ലോസ് പറഞ്ഞു. അത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയതു കൊണ്ടാണ് ചുവപ്പ് കാര്‍ഡ് നല്‍കാതിരുന്നത്. പോര്‍ച്ചുഗലിന് അനുകൂലമായ തീരുമാനമായിരുന്നു റഫറി എടുത്തത് എന്നും ഇറാൻ പരിശീലകൻ പറഞ്ഞു.