150 മത്സരങ്ങളില്‍ പോര്‍ച്ചുഗലിനുവേണ്ടി കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ 81 ഗോളുകളാണ് നേടിയിട്ടുള്ളത്

മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ഫേഫറിറ്റുകളുടെ പട്ടികയില്‍ പോര്‍ച്ചുഗലിന്‍റെ പേര് ചേര്‍ക്കാന്‍ ഏവരും മടിക്കുകയാണ്. ലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടായിട്ടും പറങ്കിപ്പടയ്ക്ക് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്നില്ലെന്ന പരാതി ആരാധകര്‍ക്കുണ്ട്. സുസജ്ജമായ ടീമല്ല പോര്‍ച്ചുഗല്‍ എന്നാണ് നിരീക്ഷകരുടെ പക്ഷം. ആരെയും വീഴ്ത്താന്‍ ശേഷിയുള്ള കൊമ്പന്‍ പാളയത്തിലുണ്ടെന്ന് ഓര്‍മ്മിക്കുന്നത് എതിരാളികള്‍ക്ക് നല്ലതാണ്.

യുറോ കപ്പില്‍ പോര്‍ച്ചുഗലിനെ എഴുതിതള്ളിയിരുന്നതാണ്. എന്നാല്‍ ക്രിസ്റ്റ്യാനോയും സംഘവും ഫ്രാന്‍സില്‍ ഫ്രഞ്ച് പടയെ നിലംപരിശാക്കിയാണ് കിരീടത്തില്‍ മുത്തമിട്ടത്. അഞ്ച് തവണ ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടിട്ടുള്ള മെസിക്കൊത്ത എതിരാളിയായ ക്രിസ്റ്റ്യാനോ കളിക്കുമ്പോള്‍ പോര്‍ച്ചുഗലിന് അത്ഭുതം കാട്ടാനുള്ള ശേഷിയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

പോര്‍ച്ചുഗലിന്‍റെ എക്കാലത്തേയും ഏറ്റവും മികച്ച താരമെന്ന വിശേഷണവുമായാണ് സിആര്‍ 7 മോസ്കോയില്‍ പന്തുതട്ടുക. 150 മത്സരങ്ങളില്‍ പോര്‍ച്ചുഗലിനുവേണ്ടി കളിച്ചിട്ടുള്ള ക്രിസ്റ്റി 81 ഗോളുകളാണ് നേടിയിട്ടുള്ളത്. ഇനിയും വിരമിച്ചിട്ടില്ലാത്ത താരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയിട്ടുള്ളതിന്‍റെ റെക്കോര്‍ഡും മറ്റാരുടെയും പേരിലല്ല. 

നിരവധി തവണ ക്രിസ്റ്റ്യാനോ പോര്‍ച്ചുഗലിന്‍റെ രക്ഷകനായെത്തിയിട്ടുണ്ട്. 2014 ഫിഫ ലോകകപ്പിന്‍റെ യോഗ്യതാ പോരാട്ടത്തില്‍ സ്വീഡനെ തകര്‍ത്ത പ്ലേ ഓഫും, ഇക്കഴിഞ്ഞ യുറോയില്‍ വെയില്‍സിനെതിരായ സെമിയും 2012 യൂറോയില്‍ ഹോളണ്ടിനെതിരായ മത്സരവും അക്ഷരാര്‍ത്ഥത്തില്‍ ക്രിസ്റ്റ്യാനോയുടെതായിരുന്നു.

1) 2014 ഫിഫ ലോകകപ്പ് യോഗ്യതയ്ക്കായി സ്വീഡനെതിരായ പ്ലേ ഓഫ്

യോഗ്യാതാ റൗണ്ടില്‍ അടിതെറ്റിയ പോര്‍ച്ചുഗല്‍ 2014 ല്‍ പ്ലേ ഓഫില്‍ സ്വീഡനെ മറികടന്നാണ് ലോകകപ്പിനെത്തിയത്. സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്‍റെ നേതൃത്വത്തില്‍ മുന്നേറ്റം നടത്തിയ സ്വീഡനെ ക്രിസ്റ്റിയുടെ ബൂട്ടുകളുടെ കരുത്തിലാണ് പോര്‍ച്ചുഗല്‍ വീഴ്ത്തിയത്.

2) 2016 യുറോ: വെയില്‍സിനെതിരായ സെമി

ഗരത് ബെയിലിന്‍റെ നേതൃത്വത്തില്‍ വെയില്‍സ് മികച്ച പ്രകടനം നടത്തിയാണ് സെമിയിലെത്തിയത്. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ ബൂട്ടുകള്‍ വലകുലുക്കിയതോടെ വെയില്‍സിന്‍റെ സ്വപ്നങ്ങള്‍ അവസാനിക്കുകയായിരുന്നു.

3) യുറോ 2012: ഹോളണ്ടിനെതിരായ ഗ്രൂപ്പ് മത്സരം

യൂറോ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഹോളണ്ടിനും പോര്‍ച്ചുഗലിനും ജയം അനിവാര്യമായിരുന്ന മത്സരം. ക്രിസ്റ്റ്യാനോ മിന്നുന്ന ഫോം പുറത്തെടുത്തതോടെ ഓറഞ്ച് പടയ്ക്ക് നിരാശരായി മടങ്ങേണ്ടിവന്നു.