ഇന്ന് രാവിലെ നാല് മണിക്കൂര്‍ അതി നിര്‍ണായകമാണ്. വിവിധ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടാതെ സെെന്യവും നേവിയുടെ മുങ്ങല്‍ വിദഗ്ധരും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. എങ്കിലും കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്
ചെങ്ങന്നൂര്‍: മഹാപ്രളയത്തില്‍ ദുരിതങ്ങള്‍ പെയ്തിറങ്ങിയ ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ന് നിര്‍ണയക ദിനം. ഇപ്പോഴും ബോട്ടുകള്‍ എത്തിച്ചേരാത്ത ഉള്‍സ്ഥലങ്ങളില്‍ ആയിരങ്ങള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇവിടേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങളാണ് രക്ഷാപ്രവര്‍ത്തക സംഘം നടത്തുന്നത്.
എങ്കിലും മഴ പൂര്‍ണ തോതില്‍ മാറി നില്‍ക്കാത്തത് ചെങ്ങന്നൂരെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂടാതെ, കക്കി ഡാമിന്‍റെ ഷട്ടറുകള്‍ ചെറിയ തോതില്‍ ഉയര്‍ത്തിയത് ആശങ്കകള്‍ സൃഷ്ടിക്കുന്നു. തിരുവവന്‍വണ്ടൂര്‍, കല്ലിശേരി, പാണ്ടനാട്, മുളപ്പുഴ, ഇടനാട് എന്നിങ്ങനെ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് ആളുകള്‍ കൂടുതല്‍ കുടുങ്ങി കിടക്കുന്നത്.
പമ്പാ നദിയുടെ തീരത്തുള്ള സ്ഥലങ്ങളായതിനാല്‍ ശക്തമായ അടിയൊക്കും ആഴവും ഇവിടെ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായും ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി മുഹമ്മദ് കൗസര്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സ്യബന്ധന ബോട്ടുകള്‍ പോകാത്ത സ്ഥലങ്ങള്‍ ഏറെയുള്ള പ്രദേശങ്ങളായതിനാല്‍ ഏയര്‍ ലിഫ്റ്റിംഗ് മാത്രമാണ് ഇവിടെ പ്രായോഗികമായുള്ളത്.
എന്നാല്‍, ഹെലികോപ്ടറില്‍ കയറുന്നതിന് വിസമ്മതിക്കുന്ന കാഴ്ച ദുരിതത്തിന്‍റെ ആഴമേറ്റുന്നു. സ്ത്രീകളും കുട്ടികളും ഗര്‍ഭണികളും വൃദ്ധരും അടക്കം കുടുങ്ങി കിടപ്പുണ്ട്. ഇവരെ രക്ഷപ്പെടുത്താനായിരിക്കും രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളി. ഇന്ന് രാവിലെ നാല് മണിക്കൂര്‍ അതി നിര്‍ണായകമാണ്. വിവിധ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ കൂടാതെ സെെന്യവും നേവിയുടെ മുങ്ങല്‍ വിദഗ്ധരും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
എങ്കിലും കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അവധി ദിനമാണെങ്കിലും സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ഏകോപനമില്ലെന്ന് ഇന്നലെ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇന്ന് അതിന് മാറ്റം വരുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഇന്നലെ പലയിടങ്ങളിലായി ഛിന്നിചിതറിയ രീതിയിലായിരുന്നു. ഒരു സ്ഥലത്ത് പൂര്‍ണമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം പല സ്ഥലങ്ങളിലായി പല വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ് ഇന്നലെ കണ്ടത്. ഇന്ന് ഉള്‍പ്രദേശങ്ങള്‍ കേന്ദ്രകരിച്ച് കൃത്യമായി പ്രവര്‍ത്തനം നടത്തും.
കൂടുതല്‍ ഹെലികോപ്ടറുകള്‍ ചെങ്ങന്നൂരില്‍ എത്തിയിട്ടുണ്ട്. അഞ്ചു ദിവസമായി പ്രളയം വന്നിട്ട്. അതുകൊണ്ട് തന്നെ ഭക്ഷണം ഇല്ലാതെ പലരും തളര്‍ന്ന അവസ്ഥയുണ്ട്. അവര്‍ക്ക് ഭക്ഷണം എത്തിക്കാനാണ് പ്രധാന്യം കൊടുക്കുന്നത്. നിലവില്‍ ആറ് പേരാണ് ചെങ്ങന്നൂരില്‍ മരണപ്പെട്ടത്. ഏകദേശം 75 ശതമാനം ആളുകളെ ചെങ്ങന്നൂരില്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.
