ഇന്നലെ ഉദ്ഘാടനത്തിന് ശേഷം പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും സംഘടനാ റിപ്പോര്‍ട്ടിലും ഉള്ള പൊതുചര്‍ച്ച രാവിലെ തുടങ്ങി. ഇന്നലെ രാത്രിയോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗ്രൂപ്പ് ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇന്ന് രാവിലെ പൊതുചര്‍ച്ച തുടങ്ങിയത്. ചര്‍ച്ചയില്‍ പങ്കെടുത്ത മിക്ക പ്രതിനിധികളും അഖിലേന്ത്യാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. ബംഗാളിലെ ഡിവൈഎഫ്‌ഐ അംഗത്വത്തിലുണ്ടായ വന്‍കുറവ് സമ്മേളനത്തില്‍ വലിയ രീതിയില്‍ വിമര്‍ശനവിധേയമായി. മിക്ക സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ബംഗാള്‍ ഘടകത്തേയും ഒപ്പം ഡിവൈഎഫ്‌ഐ കേന്ദ്രനേതൃത്വത്തെയും വിമര്‍ശിച്ചു. അഖിലേന്ത്യാ നേതൃത്വത്തിന്റ പിടിപ്പുകേടാണ് മെമ്പര്‍ഷിപ്പിലുണ്ടായ ഈ വലിയ ഇടിവെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം. ബംഗാളില്‍ ഇടതുപക്ഷത്തിനുണ്ടായ വലിയ തകര്‍ച്ചയും പലയിടങ്ങളിലും അക്രമങ്ങളെത്തുടര്‍ന്ന് മെമ്പര്‍ഷിപ്പ് ചേര്‍ക്കാന്‍ കഴിയാത്തതും ഇതിന് കാരണമായെന്നാണ് ബംഗാള്‍ ഘടകത്തിന്റെ സ്വയം വിമര്‍ശനം. അതോടൊപ്പം വര്‍ഗ്ഗീയതയ്ക്കും ദളിത് പീഡനത്തിനും എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ മുന്നണി പോരാളിയാവാന്‍ ഡിവൈഎഫ്‌ഐക്ക് കഴിയാത്തതും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യയിലും ക്യാമ്പസുകളിലും നടന്ന വലിയ പ്രക്ഷോഭങ്ങളിലും ഡിവൈഎഫ്‌ഐക്ക് ഒന്നും ചെയ്യാനായില്ല. ഇത് യുവജനപ്രസ്ഥാനത്തിന് യോജിച്ചതല്ലെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് കൂറ്റന്‍ റാലിയോടെ പത്താമത് അഖിലേന്ത്യാ സമ്മേളനം ഞായറാഴ്ച സമാപിക്കും.