തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് സംസ്ഥാന സമിതിയിലെ അംഗങ്ങള്‍. തിരുവനന്തപുരത്ത് തുടരുന്ന സംസ്ഥാന സമിതിയില്‍ വി എസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ചില അംഗങ്ങള്‍ ഉന്നയിച്ചത്. സംസ്ഥാന സമിതിയിലെ മൂന്നു അംഗങ്ങള്‍ വിഎസിനെ വിമര്‍ശിച്ചു. കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ ഉള്‍പ്പെട്ട പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കിടയിലാണ് പി ജയരാജന്‍, എം വി ജയരാജന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരാണ് തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുന്ന വി എസിനെതിരെ കടുത്ത നടപടി വേണമായിരുന്നുവെന്ന് വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ വി എസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്‌തിരുന്നു. എന്നാല്‍ വി എസിനെതിരായ നടപടി താക്കീതില്‍ ഒതുക്കാനാണ് കേന്ദ്രനേതൃത്വം തീരുമാനിച്ചത്. വി എസിനെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം തള്ളിയ കേന്ദ്രകമ്മിറ്റി സംസ്ഥാനസമിതിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തുകയായിരുന്നു. അതേസമയം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രനേതൃത്വം തള്ളുകയും ചെയ്‌തു. പിബി അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ അദ്ധ്യക്ഷതയിലാണ് സംസ്ഥാനസമിതി യോഗം ചേരുന്നത്.