ആദ്യ ഫൈനലില്‍ കപ്പുയര്‍ത്താന്‍ ക്രൊയേഷ്യ
മോസ്കോ: ലോകകപ്പ് ഫൈനൽ കളിക്കുന്ന പതിമൂന്നാമത്തെ രാജ്യമാണ് ക്രൊയേഷ്യ. ആദ്യമായി ഫൈനലിലെത്തിയവരിൽ ആറ് ടീമുകൾ ലോകകപ്പ് നേടിയിട്ടുണ്ട്. ഫ്രാന്സിനെ കീഴടക്കി ലുഷ്നിക്കിയില് ചരിത്രം കുറിച്ചാല് ക്രൊയേഷ്യ ഈ ചരിത്ര കൂട്ടത്തിലേക്കാണ് ഇടംനേടുക.
ആദ്യ ഫൈനലിന്റെ നെഞ്ചിടിപ്പില്ലാതെ ലോകകിരീടത്തിലേക്കെത്തിയവരുടെ പിൻമുറക്കാരാവുമോ ക്രൊയേഷ്യ എന്ന ആകാംക്ഷയിലാണ് ആരാധകര്. എല്ലാവരും കന്നിക്കാരായ ആദ്യ ലോകകപ്പിൽ ഉറുഗ്വെ- അർജന്റീന ഫൈനൽ. ലാറ്റിനമേരിക്കൻ പോരിൽ ഉറുഗ്വെ ചാമ്പ്യൻമാരായി. ഇങ്ങനെയായിരുന്നു കന്നിക്കാരുടെ ലോകകപ്പ് ചരിത്രത്തിന്റെ തുടക്കം.
തൊട്ടടുത്ത ലോകകപ്പിൽ ഇറ്റലിക്കും ചെക്കോസ്ലൊവാക്യക്കും ആദ്യ ലോകകപ്പ് ഫൈനൽ. ഇറ്റലിക്കായിരുന്നു കപ്പെടുക്കാൻ യോഗം.
ഹംഗറിയും പിന്നീട് മാരക്കാന ദുരന്തമായപ്പോൾ ബ്രസീലും അവരുടെ കന്നിഫൈനലിൽ ചുവടുതെറ്റി വീണു. ചരിത്രം കുറിക്കാൻ പിന്നീട് പശ്ചിമജർമനി വന്നു. ഹംഗറി അവിടെയും തോറ്റു.
ബോബി മൂറിന്റെ ഇംഗ്ലണ്ടിന് ആദ്യ ഫൈനലായിരുന്നു 1966ലേത്. അവരന്ന് കിരീടമുയർത്തി. പുതിയ അവകാശികൾക്കായി കാത്തിരിപ്പായി പിന്നീട്. ക്രൈഫിന്റെ ഹോളണ്ട് മാത്രം ഫൈനലിലെ പുതുമുഖങ്ങളായി. ഒടുവിൽ 1998ൽ ഫ്രാൻസ് അവിസ്മരണീയമായ അവരുടെ ആദ്യ ഫൈനൽ ആഘോഷമാക്കി.
2010ൽ ഫേവറിറ്റുകളായി വന്ന സ്പെയിന് ആദ്യ ഫൈനലില് ടിക്കി ടാക്കയിലൂടെ കിരീടത്തിലെത്തി. ലുഷ്നിക്കിയിൽ ഞായറാഴ്ച ഇറങ്ങുമ്പോൾ ഈ ഓർമകളുണ്ടാകും ക്രൊയേഷ്യക്ക്. കന്നിഫൈനലും കന്നിക്കിരീടവും റഷ്യയിലാകണമെന്ന് അവർ ഉറപ്പിക്കുന്നുണ്ടാവണം.
