ലൂക്ക മോഡ്രിച് നയിക്കുന്ന സുവർണ തലമുറ സ്വപ്ന സാഫല്യത്തിന് അരികെ

മോസ്ക്കോ: ഒറ്റയടിക്ക് ഉയർന്നുവന്നതല്ല ക്രോയേഷ്യൻ ഫുട്ബോൾ ടീം. അത്ര മോശമല്ലാത്ത പൈതൃകം ഉണ്ട് ക്രോയേഷ്യൻ ഫുട്ബോളിന് എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതാപത്തിന്‍റെ വമ്പുമായെത്തിയവരെയെല്ലാം വീഴ്ത്തി ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തിയത് വെറുതെയങ്ങ് പോകാനല്ലെന്നുറപ്പ്. 1996 യൂറോ കപ്പിലൂടെ പ്രധാനവേദിയിൽ എത്തിയെങ്കിലും 98 ലോകകപ്പിലാണ് ക്രോയേഷ്യ എന്ന പേര് ശ്രദ്ധിക്കപ്പെട്ടത്. 

യൂറോപ്പിലെ ബ്രസീൽ എന്നറിയപ്പെട്ടിരുന്ന യുഗോസ്ലാവിയ വംശീയവും രാഷ്ട്രീവുമായ കാരണങ്ങാൽ ആറായി വിഭജിക്കപ്പെട്ടതോടെ 1991 ലാണ് ക്രോയേഷ്യയുടെ പിറവി. നാല് തവണ ലോകകപ്പിൽ കളിച്ചിട്ടുള്ള യുഗോസ്ലാവിയയുടെ പാരമ്പര്യം ക്രൊയേഷ്യയ്ക്ക് ന്യായമായും അവകാശപ്പെടാം.

1930ലും 1962ലും ലോകകപ്പിലെ നാലാം സ്ഥാനക്കാരായിരുന്നു യുഗോസ്ലാവിയ. 1960ലും 68ലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനക്കാർ. 1960 റോം ഒളിംപിക്സിലെ ഫുട്ബോൾ സ്വർണത്തിന്റെ അവകാശികളും മറ്റാരുമല്ല.

യുഗോസ്ലാവിയൻ ടീമിൽ കളിച്ച് തെളിഞ്ഞാണ് ഷുകേർ അടക്കമുള്ളവർ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ അവസാന പാദത്തിൽ വരവറിയിച്ചത്. അരങ്ങേറ്റത്തിൽ തന്നെ മൂന്നാം സ്ഥാനവുമായി ക്രോയേഷ്യ കരുത്ത് തെളിയിച്ചു. ഇപ്പോഴിതാ ലൂക്ക മോഡ്രിച് നയിക്കുന്ന സുവർണ തലമുറ സ്വപ്ന സാഫല്യത്തിന് അരികെയും.