തിരുവനന്തപുരം: കേരളത്തിലെ ആദിവാസിമേഖലയ്ക്ക് കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് 2731 കോടി രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ രേഖ. സംസ്ഥാനത്തെ ഒരാദിവാസിക്ക് അടിസ്ഥാനസൗകര്യവികസനത്തിന് ഒരു വർഷം 75.000 രൂപയിലധികമാണ് ചെലവഴിക്കുന്നത്.
അട്ടപ്പാടി ഉൾപ്പടെ ആദിവാസി മേഖലയിൽ പോഷകക്കുറവ് മൂലമുള്ള ശിശുമരണം തുടർക്കഥയാകുമ്പോഴാണ് 3.64 ലക്ഷം വരുന്ന സംസ്ഥാനത്തെ ആദിവാസി മേഖലക്ക് 16 വർഷം കൊണ്ട് 2731. 48 കോടി രൂപ ചെലവഴിച്ചുവെന്ന വിവരാവകാശ രേഖ പുറത്ത് വരുന്നത്. അടിസ്ഥാനസൗകര്യവികസനത്തിന് മാത്രമായി കേന്ദ്രസംസ്ഥാനസർക്കാരുകൾ ചെലവഴിച്ച തുകയാണിത്. 31 ലക്ഷം വരുന്ന പട്ടികജാതി വിഭാഗത്തിനായി 20,096 കോടി രൂപയും ചെലവഴിച്ചിട്ടുണ്ടത്രേ.
റേഷൻ വിഹിതവും മറ്റും വേറെ. ഇത്രയും തുക ചെലവഴിച്ചിട്ടും മധുവിനെപ്പോലുള്ളവർ വിശപ്പകറ്റാൻ അടികൊണ്ട് മരിക്കേണ്ടി വരുന്നതെന്ത് കൊണ്ടാണെന്ന് വ്യക്തമാണ്. അനുവദിക്കുന്ന തുക ഈ മേഖലകളിലേക്കെത്തുന്നില്ലെന്ന് പരാതികൾ അധികൃതർ കാര്യമാക്കുന്നില്ല. ആദിവാസികൾ പരാതി പറയാൻ എത്താത്തതിനാൽ ഈ മേഖല ഒരു വെള്ളാനയായി തുടരുന്നുവെന്നാണ് പുറത്ത് വരുന്ന കണക്കുകൾ നൽകുന്ന സൂചന
