ദില്ലി: ഛത്തീസ്ഗഡിലെ സുഖ്മയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കെതിരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയത് സൈനികരുടെ ഉച്ചഭക്ഷണത്തിനിടെയെന്ന് റിപ്പോര്‍ട്ട്. സുഖ്മയിലെ ബര്‍കാപാലിന് സമീപം റോഡ് നിര്‍മ്മാണത്തിന് സുരക്ഷ നല്‍കാനെത്തിയ സൈനികര്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് മുന്നുറോളം വരുന്ന മാവോയിസ്റ്റ് സംഘം ആക്രമിക്കുകയായിരുന്നു.
സൈനിക നീക്കങ്ങള്‍ അറിയുന്നതിന് മാവോയിസ്റ്റുകള്‍ക്ക് നാട്ടുകാരുടെ സഹായം ലഭിച്ചിരുന്നു. സൈനികര്‍ ഉച്ചഭക്ഷണത്തിന് ഇരുന്നതോടെ മാവോയിസ്റ്റുകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. 25 സൈനികരെ തോക്കിനിരയാക്കിയ മാവോയിസ്റ്റുകള്‍ തോക്കുകളും തിരകളും വയര്‍ലെസ് സെറ്റുകളും മോഷ്ടിക്കുകയും ചെയ്തു.
ഉച്ചയ്ക്ക് 12.30നാണ് ആക്രമണമുണ്ടായത്. ഉച്ചഭക്ഷണ സമയമായിരുന്നതിനാല്‍ തന്നെ സൈന്യത്തിന് പ്രത്യാക്രമണം തീര്‍ക്കുന്നതിന് അല്‍പ്പം സമയം വൈകി. ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികര്‍ ഉടന്‍ പ്രത്യാക്രമണം നടത്തി. റോഡ് നിര്‍മ്മാന തൊഴിലാളികളുടേയും 40ഓളം നാട്ടുകാരുടേയും ജീവന്‍ രക്ഷിച്ചത് ഇവരുടെ ഇടപെടലാണ്.
സൈന്യം ഉപയോഗിക്കുന്ന അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചുവെന്നത് സുരക്ഷാ സേനയെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ഗ്രനേഡ് ലോഞ്ചറുകള്‍ സൈന്യത്തില്‍ നിന്നു തന്നെ മോഷ്ടിച്ചതാകാമെന്നാണ് നിഗമനം.
മാവോയിസ്റ്റുകള്‍ക്ക് നാട്ടുകാരില്‍ നിന്നും സഹായം ലഭിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യകവചം തീര്‍ത്ത് പ്രത്യാക്രമണം തടഞ്ഞത് നാട്ടുകാരായിരുന്നു.
