മുടി രണ്ട് വശവും പിന്നിയിടാത്തതിന് അഞ്ചാം ക്ലാസ്സുകാരിയായ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ശിക്ഷിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് പതിന്നൊന്നുകാരിയെ അധ്യാപിക നിര്‍ബ്ബന്ധിച്ച 200 സിറ്റ് അപ്പ് എടുപ്പിച്ചത്. തുടര്‍ന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ രക്ഷിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഹമ്മദാബാദിലെ ലളിതാ ഗ്രീന്‍ ലോണ്‍സ് സ്‍കൂളിലാണ് മനുഷ്യമന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. മുടി രണ്ട് വശവും പിന്നിയിടണമെന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്ന പേരില്‍ വിദ്യാര്‍ത്ഥിനിയെ സ്‍കൂള്‍ അധികൃതര്‍ ക്രൂരമായി ശിക്ഷിക്കുകയായിരുന്നു. സ്‍കൂളിലെ നിയമം ലംഘിച്ച കുട്ടി 200 തവണ സിറ്റ് അപ്പ് എടുക്കണമെന്നായിരുന്നു അധ്യാപിക നിര്‍ദ്ദേശിച്ച ശിക്ഷ. തുടര്‍ന്ന് കുട്ടിയെ കൊണ്ട് നാല്‍പ്പത് മിനിറ്റോളം സിറ്റ് അപ്പ് എടുപ്പിച്ചു. വൈകീട്ട് വീട്ടിലെത്തിയ കുട്ടിയുടെ കാലില്‍ നീര് വന്നതു കണ്ട് രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് നടന്ന സംഭവം പുറത്തായത്. ഇതേ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിത്തടത്തില്‍ മുഖക്കുരുവുണ്ടായിരുന്നതിനാലാണ് മുടി രണ്ട് വശവും പിന്നിയിടാതിരുന്നതെന്നാണ് രക്ഷിതാക്കളുടെ വിശദീകരണം.
രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. മുടി പിന്നിടിയിടാത്ത കുട്ടികളെ ക്രൂരമായി ശിക്ഷിക്കുക സ്‍കൂളില്‍ പതിവായിരുന്നു എന്ന വിവരവും ഇതിന് പിന്നാലെ പുറത്തുവന്നിട്ടുണ്ട്. 7 വയസ്സിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ സ്‍കൂള്‍ നിയമം ലംഘിച്ചാലും ശിക്ഷിക്കരുതെന്ന നിയമം നിലനില്‍ക്കേയാണ് ലളിതാ ഗ്രീന്‍ ലോണ്‍സ് സ്‍കൂളിലെ ക്രൂരമായി ശിക്ഷാ നടപടി.
