Asianet News MalayalamAsianet News Malayalam

ക്രഷറുകളുടെ നടത്തിപ്പിന് ഇളവ് നല്‍കിയ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോ‍ര്‍ഡിന്റെ നടപടി വിവാദമാകുന്നു

Crusher
Author
Thiruvananthapuram, First Published Nov 27, 2016, 7:13 AM IST

ക്രഷറുകളുടെ നടത്തിപ്പിന് ഇളവു നല്‍കിയ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോ‍ര്‍ഡിന്റെ നടപടി വിവാദമാകുന്നു. പുതിയ ഭേദഗതി പ്രകാരം പാരിസ്ഥിതിക ലോല പ്രദേശങ്ങളിലും ഇനി ക്രഷറുകള്‍ക്ക് അനുമതി നല്‍കേണ്ടിവരും. പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കൊപ്പം സംസ്ഥാനത്തിന് വന്‍ സാമ്പത്തിക നഷ്‌ടം കൂടി വരുത്തുന്നതാണ് തീരുമാനം.

മാലിനീകരണ നിയന്ത്രണ ബോ‍ര്‍ഡ് വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ക്രഷറുകള്‍,  ക്വാറികള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങാനുള്ള ലൈസന്‍സ് നല്‍കുന്നത്. പുറന്തള്ളുന്ന മാലിന്യത്തിന്റെ അളിവിന്റെ അടിസ്ഥാനത്തില്‍ റെഡ്, ഓറഞ്ച്, ഗ്രീന്‍, വൈറ്റ് എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. ഏറെ മലിനീകരണം ഉണ്ടാക്കുന്ന റെഡ് വിഭാഗത്തിലായിരുന്നു ഇതുവരെ പാറ ക്രഷറുകള്‍.  കേന്ദ്ര മലനീകരണ നിയന്ത്രണ ബോ‍ര്‍ഡ് കൊണ്ടു വന്ന പുതിയ ഭേഗതി പ്രകാരം ക്രഷറുകള്‍ ഇനി മലനീകരണം കുറഞ്ഞ ഓറഞ്ച് വിഭാഗത്തിലായിരിക്കും.  ഇതോടെ ക്രഷറുകള്‍ക്ക്  കിട്ടുന്നത് ഒരുപാട് ഇളവുകള്‍. പരിസ്ഥിതി ലോല പ്രദേശളിലടക്കം ഇനി ക്രഷറുകള്‍ തുടങ്ങാന്‍ അനുമതി നല്‍കേണ്ടിവരും.  പശ്ചിമഘട്ടമലനിരകളില്‍ റെഡ് കാറ്റഗറി സ്ഥാപനം പാടില്ലെന്നാണ് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ.

നിലവില്‍ പ്രവ‍ത്തിക്കുന്നവ അഞ്ചു വര്‍ഷത്തിനുള്ളില്‍ ല്‍ അടച്ച് പൂട്ടണമെന്നു് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി 2013 ല്‍ കേന്ദ്ര പരിസ്ഥിമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. റെഡില്‍ നിന്നു ഓറഞ്ചിലേക്ക് മാറുന്നതോടെ ഈ മേഖലകളിലുള്ള  ക്രഷറുകള്‍ക്ക് ഇളവ് നല്‍കേണ്ടിവരും. ക്രഷറുകള്‍ ഉണ്ടാക്കുന്ന ശബ്ദ മലനീകരണത്തിന്റെ തോത് പരിശോധിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇളവ് കൊണ്ടുവന്നതെന്നും ആരോപണമുണ്ട്. റെഡ് വിഭാഗത്തിലുള്ള സ്ഥാപനം തുടങ്ങുമ്പോള്‍ ലൈസന്‍സ് ഫീ ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വന്‍തുക നല്‍കണം. എന്നാല്‍ ഓറഞ്ചില്‍ ലൈസന്‍സ് ഫീ വളരെ കുറവാണ്. പുതിയ ഭേദഗതിപ്രകാരം നിരവധി പുതിയ അപേക്ഷകളാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്നിലുള്ളത്.  തീരുമാനമെടുത്തിട്ടില്ലെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേ സമയം ബോര്‍ഡിന് ഏറെനാള്‍ തീരുമാനം നീട്ടിക്കൊണ്ടുപോകാനുമാകില്ല.

 

Follow Us:
Download App:
  • android
  • ios