തിരുവനന്തപുരത്തെ വിവിധ എടിഎം കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് മുംബൈയില്‍ നിന്നാണ് ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പണം പിന്‍വലിച്ചത്. ഇക്കാര്യം സംസ്ഥാന പൊലീസ് മുംബൈ പൊലീസിനെ അറിയിച്ചിരുന്നു. ഇന്ന് വൈകുന്നേരവും തിരുവനന്തപുരത്ത് ഒരാളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായിരുന്നു. അക്കൗണ്ടില്‍ എത്രത്തോളം പണമുണ്ടെന്ന് മനസിലാക്കാനായി 100 രൂപയാണ് ഇയാള്‍ പിന്‍വലിച്ചത്. പണം നഷ്ടപ്പെട്ടയാള്‍ വൈകുന്നേരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ഉടന്‍ ഇക്കാര്യം മുംബൈ പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് പണം പിന്‍വലിച്ചയാളെ കണ്ടെത്തി പിടികൂടിയത്. ഇയാള്‍ താമസിക്കുന്ന ഹോട്ടലില്‍ ഇപ്പോള്‍ മുംബൈ പൊലീസ് പരിശോധന നടത്തുകയാണ്. കേരളത്തില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ച പൊലീസ് സംഘവും മുംബൈയിലെത്തി.
ഹൈടെക് രീതിയില്‍ ബാങ്ക് കവര്‍ച്ച നടത്തിയ രാജ്യാന്തര ശൃഖലയിലെ മൂന്നു പേരാണ് തലസ്ഥാനത്തെ മുന്തിയ ഹോട്ടലുകളില്‍ തങ്ങി തട്ടിപ്പ് നടത്തിയത്. കോവളം, തമ്പാനൂര്‍, സ്റ്റാച്യു എന്നിവടങ്ങളിലെ ഹോട്ടലുകളിലായിരുന്നു ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇലി, ഫ്ലോറിക്, ക്രിസ്റ്റ്യന്‍ വിക്ടര്‍ എന്നീ റുമേനിയന്‍ വംശജര്‍ താമസിച്ചിരുന്നു. ടൂറിസ്റ്റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ മുറിയെടുത്തത്. ഒരു ഹോട്ടലിന്റെ വിലാസം ഉപയോഗിച്ച് രണ്ട് ബൈക്കുകള്‍ കോവളത്തുനിന്നും വാടകക്കെടുത്താണ് മോഷണം നടത്തിയത്.
ഹോട്ടലുകളില്‍ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ തട്ടിപ്പുകാര്‍ നല്‍കിയിരുന്നു. ഇതില്‍ നിന്നാണ് ഇവരുടെ പേര് വിവരങ്ങള്‍ കിട്ടിയത്. എടിഎം കാര്‍ഡിന്റെ വിശദാംശങ്ങള്‍ മനസിലാക്കാനായി തട്ടിപ്പുകാര്‍ ക്യാമറയും ഉപകരങ്ങളും സ്ഥാപിക്കുന്നതിന്റെ സി.സി.ടി.വി ദൃശങ്ങള്‍ പുറത്തായിരുന്നു. ഐ.ജി മനോജ് എബ്രഹാമിന്റ നേതൃത്വത്തിലാണ് സൈബര്‍ വിദഗ്ദരടങ്ങിയ സംഘം കേസ് അന്വേഷിക്കുന്നത്.
