Asianet News MalayalamAsianet News Malayalam

വെള്ളമുണ്ടയിലെ ഇരട്ടക്കൊലപാതകം: പ്രതിയെ അറസ്റ്റ് ചെയ്തു

ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു.  ഇതു രണ്ടും കണ്ടെത്താന്‍ പൊലീസ് രണ്ട് മാസത്തിലധികമായി നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല

culprit arrested in vellamunda murder
Author
Vellamunda, First Published Sep 18, 2018, 2:29 PM IST

മാനന്തവാടി: തൊണ്ടര്‍നാട് കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ നവദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. തൊട്ടില്‍പ്പാലം മരുതോരുമ്മല്‍ വിശ്വനാഥന്‍ (42) ആണ് പിടിയിലായത്. നേരത്തെ സംഭവവുമായി ബന്ധമുള്ള ഒരാള്‍ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലായെന്ന് സൂചന ലഭിച്ചിരുന്നു.

കൊല്ലപ്പെട്ട ഫാത്തിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയതെന്ന് കരുതുന്നു. പ്രതിയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വന്‍ ജനാവലിയായിരുന്നു പ്രതിയെ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ പുറത്ത് തടിച്ച് കൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച കമ്പി വീടിന് സമീപമുള്ള വലയില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് പൂരിഞ്ഞി വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ട് പവന്‍ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നു.  ഇതു രണ്ടും കണ്ടെത്താന്‍ പൊലീസ് രണ്ട് മാസത്തിലധികമായി നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. ഇത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

മാസങ്ങളായി അന്വേഷണം നീളുന്നതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ അടക്കം രംഗത്തുവരികയും പ്രദേശത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. ഇരുമ്പുവടി, കനമുള്ള പൈപ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് അടിച്ച് കൊലപ്പെടുത്തിയിരിക്കുന്നത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

സ്വര്‍ണവും പണവും പൂര്‍ണമായും നഷ്ടപ്പെടാതിരുന്നതാണ് മോഷണമെന്ന നിലക്കുള്ള അന്വേഷണത്തെ ബാധിച്ചത്. ഇതിനിടെ ഫാത്തിമയുടെ നഷ്ടപ്പെട്ട ഫോണിലെ വിവരങ്ങള്‍ പൊലീസിന് വീണ്ടെടുക്കാന്‍ സാധിച്ചെന്നാണ് കരുതുന്നത്. ഇത് പ്രതികളിലേക്കെത്താന്‍ സഹായിച്ചു.

മുമ്പ് ഡോഗ്‌സ്‌ക്വാഡ്, ഫോറന്‍സിക് വിഭാഗം എന്നിവയുടെ സഹായത്തോടെ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. കൊല്ലപെട്ടവരുടെ ജീവിത പശ്ചാത്തലവും കുടുംബ സാമൂഹിക പശ്ചാത്തലവും വെച്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് മോഷണമല്ലാതെ മറ്റൊരുകാരണവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍, ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന മറ്റു സ്വര്‍ണങ്ങളും വീട്ടിലുണ്ടായിരുന്ന പണവും നഷ്ടപ്പെടാഞ്ഞത് അന്വേഷണ സംഘത്തെ കുഴക്കി. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios