ഈദ് നമസ്കാരത്തിനു ശേഷം സുരക്ഷാ സേനയ്‌ക്കു നേരെ കല്ലെറിയുന്ന സംഭവങ്ങള്‍ നടന്നേക്കും എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജമ്മുകശ്‍മീരില്‍ കനത്ത ജാഗ്രത തുടരുന്നത്. ശ്രീനഗറില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ നിരോധനാജ്ഞ പ്രശ്നസാധ്യതാ മേഖലകളില്‍ നിലനിലക്കുകയാണ്. അതിനാല്‍ കര്‍ഫ്യുവിനു തുല്യമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. അനന്ത് നാഗ് ഉള്‍പ്പടെ സംഘര്‍ഷ സാധ്യത കുടുതലുള്ള സ്ഥലങ്ങളില്‍ ഈദ്നമസ്കാരത്തിന് ആയാലും ആളുകള്‍ കൂട്ടം കൂടുന്നത് നിയന്ത്രിക്കാനാണ് തീരുമാനം. 

വിഘടനവാദി സംഘ‍ടനകള്‍ ചലോ യു.എന്‍ എന്ന പേരില്‍ പ്രതിഷേധത്തിന് ആഹ്വാനം നല്കിയിട്ടുണ്ട്. ശ്രീനഗറിലെ ഐക്യരാഷ്‌ട്ര ഓഫീസിലേക്ക് മാര്‍ച്ച് നടത്താനാണ് ആഹ്വാനം. എന്നാല്‍ ഈ മാര്‍ച്ച് തടയുമെന്ന് സുരക്ഷാസേനകള്‍ വ്യക്തമാക്കി. സ്ഥിതി ഗുരുതരമായ കുല്‍ഗാം ജില്ലയിലെ ഗുഡ്വാനി, റിഡ്വാനി എന്നീ ഗ്രാമങ്ങളില്‍ സുരക്ഷയ്‌ക്ക് കരസേനയേയും വിന്യസിച്ചു. പ്രതിഷേധക്കാര്‍ക്കിടയില്‍ ഭീകരരും ഉണ്ടാകും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. മുഖ്യമന്ത്രി മഹബൂബ മുഫ്തി എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേര്‍ന്നു. ജമ്മുകശ്‍മീര്‍ വേദനാജനകമായ അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് മഹബൂബ സന്ദേശത്തില്‍ പറഞ്ഞു. സമാധാനം പുനസ്ഥാപിക്കാന്‍ കശ്‍മീരിലെത്തിയ സര്‍വ്വകക്ഷിസംഘം പാസാക്കിയ പ്രമേയത്തിന്റെ തുടര്‍നടപടികള്‍ ഈദിനു ശേഷം ഉണ്ടാകും.