മുംബൈ: ഇന്നലെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ദളിത് സംഘടനകൾ ഇന്ന് ബന്ദ് നടത്തുകയാണ്. കനത്ത സുരക്ഷയിലാണ് സംസ്ഥാനമുള്ളത്. അക്രമങ്ങള്‍ അരങ്ങേറിയ മഹാരാഷ്ട്രയിലെ താനെയിൽ നാളെ അർദ്ധരാത്രി വരെ നിരോധനാജ്ഞ പുറപ്പെടുവിച്ചു. 

ബ്രിട്ടീഷ് യുദ്ധവിജയം ആഘോഷിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ദളിത്-മറാത്ത ഏറ്റുമുട്ടലിന് കാരണമായത്. ഇതിനിടെ ദളിത് സമരത്തെ അനുകൂലിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന വിവാദമായി. 1818 ജനുവരി 1ന് ദളിത് വിഭാഗക്കാരുടെ പട്ടാള യൂണിറ്റുകൾ ഉൾപ്പെട്ട ബ്രീട്ടീഷ് സേന മറാത്ത വിഭാഗക്കാരെ യുദ്ധത്തിൽ പരാജയപ്പെടുത്തിയിരുന്നു. 

ബീമ കോറേഗാവ് എന്നറിയപ്പെടുന്ന ആ യുദ്ധത്തിന്‍റെ 200 വാര്‍ഷികം അഞ്ച് ലക്ഷത്തോളം പേരെ അണിനിരത്തി ദളിത് സംഘടനകൾ ആഘോഷിച്ചു. ഇതിനിടെ ദളിത് വിഭാഗക്കാരുടെ ക്ഷേത്രം ആരോ തകര്‍ത്തതായുള്ള പ്രചരണമാണ് ദളിത്-മറാത്ത സംഘര്‍ഷമായി മാറിയത്. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തര്‍ക്കങ്ങൾക്കിടെ ഒരു ദളിത് യുവാവ് മരിക്കുകകൂടി ചെയ്തതോടെ സംഘര്‍ഷം സംസ്ഥാനത്താകെ ആളിപ്പടരുകയായിരുന്നു.