തിരുവനന്തപുരം: കറന്‍സി നിയന്ത്രണം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് കാശില്ലാ പ്രതിസന്ധിക്ക് നേരിയ അയവ്. ആവശ്യത്തിന് കറന്‍സി ബാങ്കുകളിലെത്തിയിട്ടുണ്ടെന്ന് എസ്ബിടി ജനറല്‍ മാനേജര്‍ ദേവിപ്രസാദ് പറഞ്ഞു. എന്നാല്‍ ഭൂരിഭാഗവും 2000 ന്റെ നോട്ടുകളായതിനാല്‍ ചില്ലറക്ഷാമം രൂക്ഷമാണെന്നാണ് പൊതുജനപക്ഷം.
തിരുവനന്തപുരത്ത് എസ്ബിടി മെയിന്‍ ബ്രാഞ്ചിന് മുന്നിലെ എടിഎമ്മില്‍ മിക്ക സമയവും നല്ല തിരക്കുണ്ട്. 2000ന്റെ നോട്ട് മതിയെന്നാണെങ്കില്‍ ക്യൂ വേണ്ട.നൂറിന്റെയും അന്‍പതിന്റെയും നോട്ട് നിറച്ച കൗണ്ടറിലാണ് ആളുകളേറെയും. മിക്ക എടിഎമ്മുകളിലും ആവശ്യത്തിന് കാശെത്തിച്ചിട്ടുണ്ടെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
അടഞ്ഞു കിടക്കുന്ന എടിഎം കൗണ്ടറുകള്‍ എണ്ണത്തില്‍ കുറവാണ്. നോട്ട് മാറാനെത്തുന്നവരുടെ കയ്യില്‍ മഷി പുരട്ടാനുള്ള തീരുമാനം നടപ്പാക്കാന്‍ അറിയിപ്പൊന്നും ഇതുവരെ എത്തിയിട്ടില്ല. അതേസമയം പഴയ നോട്ട് മാറാന്‍ ബാങ്കുകളിലെത്തുന്നവരുടെ എണ്ണത്തിലും താരതമ്യേന കുറവുണ്ട്. അഞ്ഞൂറിന്റെ നോട്ടിറങ്ങുന്നതില്‍ അവ്യക്ത ഇപ്പോഴും തുടരുകയുമാണ്.
