രണ്ട് ലക്ഷത്തോളം രൂപ ബാങ്കിൽ നിന്നും കർഷക കൂട്ടായ്മയിൽ നിന്നും കടം വാങ്ങിയാണ് നഞ്ചുണ്ടപ്പ ഈ വർഷം തന്റെ രണ്ടേക്കറോളം വരുന്ന പാടത്ത് റാഗി കൃഷിയിറക്കിയത്. കഴിഞ്ഞ മൂന്ന് വർഷം എന്ന പോലെ ഇക്കുറിയും മഴ ചതിച്ചു.

വിളനാശം വന്നതോടെ കടം കയറിത്തുടങ്ങി. പട്ടിണിയാകുമെന്ന സ്ഥിതി വന്നതോടെയാണ് നഞ്ചുണ്ടപ്പ പലിശക്കാരെ സമീപിച്ചത്. എന്നാൽ ഇവർ കടം നൽകുന്നതാകട്ടെ സർക്കാർ പിൻവലിച്ച ആയിരത്തിന്‍റയും അ‍ഞ്ഞൂറിന്‍റെയും നോട്ടുകൾ.

നിലവിലെ നോട്ടുപ്രതിസന്ധി മറികടക്കാൻ ഇത്തരത്തിൽ നിരവധി കൊള്ളപലിശക്കാരാണ് ബുള്ളള്ളിയുൾപ്പെടെയുള്ള ഗ്രാമങ്ങളിലെത്തി കർഷകർക്ക് പഴയ നോട്ടുകൾ കടമായി നൽകുന്നത്. നിലവിലെ ക്ഷാമം മറികടക്കാൻ നഞ്ചുണ്ടപ്പയെ പോലുള്ളവർക്ക് കടമായി പഴയനോട്ടുകൾ സ്വീകരിക്കുകയല്ലാതെ വെറെ വഴിയും മുന്നിലില്ല.