Asianet News MalayalamAsianet News Malayalam

ജൻധൻ അക്കൗണ്ടുകളിലേക്ക് 15 ദിവസത്തിനുള്ളിൽ എത്തിയത് 21000 കോടി

Currency ban Rs 21000 crore deposited in Jan Dhan accounts
Author
First Published Nov 24, 2016, 2:41 AM IST

ദില്ലി: നോട്ടുകൾ അസാധുവാക്കിയ ശേഷം ജൻധൻ യോജന ബാങ്ക് അക്കൗണ്ടുകളിലേക്ക് 21,000 കോടി രൂപയുടെ നിക്ഷേപമെത്തിയെന്ന് റിപ്പോര്‍ട്ട്.  മാവോയിസ്റ്റുകൾ വരെ നോട്ടുകൾ മാറ്റിയെടുക്കാൻ ഇത്തരം അക്കൗണ്ടുകൾ വ്യാപകമായി ഉപയോഗിച്ചതായും സംശയിക്കുന്നു. 1000 ത്തിന്റെയും 500 ന്റെയും നോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി ഈമാസം 8ന് നടത്തിയ പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ 15ന് ദിവസത്തിനിടെ ജൻധൻ യോജന പദ്ധതി പ്രകാരം ആരംഭിച്ച സീറോ ബാലൻസ് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് 21000 കോടി രൂപയുടെ നിക്ഷേപമെത്തിയത്. ബംഗാളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ളത്.

ഈ സ്ഥിതി തുടര്‍ന്നാൽ കുറച്ചുദിവസത്തിനകം ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം 65000 കോടിക്ക് മുകളിലേക്ക് ഉയരുമെന്ന് കേന്ദ്ര ധനമന്ത്രാലയം വിലയിരുത്തുന്നു. ജൻധൻ പദ്ധതി പ്രകാരം 25 കോടി പേരാണ് വിവിധ ബാങ്കുകളിലായി അക്കൗണ്ടുകൾ തുറന്നത്. ഒരു നിക്ഷേപവും ഇല്ലാതിരുന്ന ഈ അക്കൗണ്ടുകളിലേക്ക് ഇപ്പോൾ നിക്ഷേപങ്ങളുടെ ഒഴുക്കാണ്. നോട്ടുകൾ വെളുപ്പിക്കാൻ മാവോയിസ്റ്റുകൾവരെ ആദിവാസികൾ വഴി ഇത്തരം അക്കൗണ്ടുകൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൻധൻ അക്കൗണ്ടുകളിലേക്കെത്തുന്ന നിക്ഷേപങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും.
 
ഇതിനിടെ നോട്ടുകൾ മാറ്റിയെടുക്കാനായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപകമായി കൊണ്ടുപോകുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം,  അസാധു നോട്ടുകൾ അവശ്യസേവനങ്ങൾക്ക് ഉപയോഗിക്കാൻ റിസര്‍വ്വ് ബാങ്ക് നൽകിയ ഇളവുകൾ ഇന്ന് അര്‍ദ്ധരാത്രിയോട് അവസാനിക്കുകയാണ്. സര്‍ക്കാർ ആശുപത്രികൾ, സര്‍ക്കാർ മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, റെയിൽവെ, മെട്രോ സ്റ്റേഷനുകൾ, ബസ് സര്‍വ്വീസ് എന്നിവക്ക് നാളെ മുതൽ പുതിയ കറൻസി നൽകേണ്ടിവരും.

അതുകൊണ്ട് തന്നെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള തിരക്ക് ബാങ്കുകളിലും എ.ടി.എമ്മുകളിലും നാളെ മുതൽ വീണ്ടും കൂടും. സഹകരണ സ്ഥാപനങ്ങൾക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ തമിഴ്നാടിനെ സഹകരണ സ്ഥാപനങ്ങൾ നൽകിയ ഹര്‍ജിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
 

Follow Us:
Download App:
  • android
  • ios