ശബരിമല സന്നിധാനത്തെ അരവണ, ഉണ്ണിയപ്പം എന്നിവയുടെ വില്പനയും മറ്റ് പ്രധാന വഴിപാടുകളുടെ പണം സ്വികരിക്കുന്നതും ദേവസ്വംബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്ന ബാങ്കിന്റെ കൗണ്ടറുകള്‍ വഴിയാണ്. അരവണ, ഉണ്ണിയപ്പം എന്നിവക്കാണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍. എന്നാല്‍ ഇവ വില്‍ക്കുന്ന കൗണ്ടറുകളില്‍ അസാധുവാക്കിയ നോട്ടുകള്‍ സ്വികരിക്കുന്ന കാര്യത്തില്‍ ഇതുവരെയായും ബാങ്ക് തീരുമാനമെടുത്തിട്ടില്ല. അതേസമയം റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം അനുസരിച്ചുള്ള എല്ലാ ബാങ്ക് ഇടപാടുകളും നടത്തുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ഇടപാടുകള്‍ നടത്തുന്നതിന് ആവശ്യമായ ചെറിയ നോട്ടുകളും ഉണ്ടന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. അതേസമയം വഴിപാട് പ്രസാദത്തിന്റെ വില്പനയുടെ കാര്യത്തിലും തീരുമാനം ബാങ്ക് തന്നെയാണ് എടുക്കേണ്ടത്.
അതേസയം ദേവസ്വം ഭണ്ഡാരത്തില്‍ നേര്‍ച്ചയായി കിട്ടുന്ന 500, 1000 രൂപാ നോട്ടുകള്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാന്‍ കഴിയും. ഇതിന് തടസ്സമില്ലെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. തീത്ഥാടനകാലം കണക്കിലെടുത്ത് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളില്‍ ആവശ്യത്തിന് ചെറിയ നോട്ടുകള്‍ കരുതിയിട്ടെണ്ടെന്നും അധികൃതര്‍ അറിയിച്ചു.
