വര്‍ണ കടലാസുകളില്‍ പൊതിഞ്ഞ സമ്മാന പൊതികള്‍. മയക്കുമരുന്നാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാകില്ല. ഒന്‍പത് പെട്ടികളില്‍ ചെറിയ പൊതികളായാണ് 180 കിലോ ഖാട്ട് കൊച്ചിയില്‍ എത്തിയത്. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ നിന്ന് കൊച്ചിയിലേക്ക് പാര്‍സല്‍ അയക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നാണെന്ന് വ്യക്തമായത്.
ആഫ്രിക്കന്‍, അറേബ്യന്‍ മേഖലകളില്‍ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് ഖാട്ട്. കതീന്‍, കതിനോണ്‍ തുടങ്ങിയ വീര്യമേറിയ മയക്കുമരുന്നുകള്‍ ഖാട്ടില്‍ നിന്ന് ഉത്പാദിപ്പിക്കാനാകും. 50 ഗ്രാം കതീന്‍ കൈവശം വയ്ക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ ഖാട്ട് കടത്തുകാര്‍ക്ക് വധശിക്ഷയാണ് നല്‍കുന്നത്.
എത്യോപ്യയില്‍ നിന്ന് നേരത്തെയും കൊച്ചിയിലേക്ക് ഖാട്ട് കടത്തിയിരിക്കാം എന്ന നിഗമനത്തിലാണ് കസ്റ്റംസ്. കൊച്ചിയില്‍ ആരാണ് ഖാട്ട് കടത്തിന് സഹായിക്കുന്നതെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തില്‍ അന്വേഷണം ശക്തമാക്കാനും വിദേശത്ത് നിന്നെത്തുന്ന പാര്‍സലുകള്‍ കര്‍ശനമായി പരിശോധിക്കാനുമാണ് അധികൃതരുടെ തീരുമാനം.
