ആൽബിച്ചേട്ടൻ ഡാൻസ് ചെയ്തപ്പോൾ കൂടെ ചിരിച്ചവരും കയ്യടിച്ചവരും ഒക്കെ വീടും വീട്ടിലുള്ളതും നഷ്ടപ്പെട്ടവരാണ്. എന്നിട്ടും ഇവരൊക്കെ ചിരിക്കുന്നുണ്ട്. സന്തോഷിക്കുന്നുണ്ട്.
കൊച്ചി: പ്രളയമേഖലകളിലെ രക്ഷാ പ്രവർത്തനങ്ങൾ മൂന്നാമത്തെ ഘട്ടത്തിലേക്ക് കടന്നിട്ടേയുള്ളൂ. ഒരായുസ്സു മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം മഴവെള്ളം കൊണ്ടുപോയി എന്ന് അവർക്കറിയാം. എന്നാൽ അങ്ങനെയങ്ങ് തോറ്റുകൊടുക്കാൻ ഇവരാരും തയ്യാറല്ല. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ആ പാട്ടിനൊപ്പം ചുവടു വയ്ക്കുന്ന ആളുടെ പേരാണ് ആൽബിച്ചേട്ടൻ. മൂലമ്പിള്ളിയിലാണ് വീട്. വെള്ളം കയറിയ വീട്ടിൽ നിന്നും ക്യാമ്പിലെത്തിയിട്ട് രണ്ട് ദിവസം. എല്ലാം നഷ്ടപ്പെട്ടതിൽ സങ്കടമുണ്ട്. എന്ന് കരുതി കരഞ്ഞിരിക്കാൻ പറ്റുമോ എന്നാണ് ആൽബിച്ചേട്ടൻ ചോദിക്കുന്നത്. ആൽബിച്ചേട്ടൻ ഡാൻസ് ചെയ്തപ്പോൾ കൂടെ ചിരിച്ചവരും കയ്യടിച്ചവരും ഒക്കെ വീടും വീട്ടിലുള്ളതും നഷ്ടപ്പെട്ടവരാണ്. എന്നിട്ടും ഇവരൊക്കെ ചിരിക്കുന്നുണ്ട്. സന്തോഷിക്കുന്നുണ്ട്.
കടലെടുത്തതെല്ലാം കരയിൽ നിന്നും തിരികെ കൊടുക്കാൻ ആയിരങ്ങൾ കൂടെയുണ്ടെന്ന ആത്മവിശ്വാസമാണ് അവരെ സന്തോഷിപ്പിക്കുന്നത്. അതിജീവിക്കുമെന്ന് ഇവർ ഒറ്റക്കട്ടായി പറയുന്നു. സുനാമിയും ഓഖിയും മറികടന്നു വന്നവരാണ്. അതുപോലെ ഇതും കടന്നുപോകും. മഴയെടുത്ത് കടലിൽ ചേർക്കാത്തതായി മനക്കരുത്ത് മാത്രമേയുള്ളൂ ഇവർക്കിപ്പോൾ. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മനുഷ്യരുടെ കൈവശം ഇപ്പോഴുള്ളത് ഈ കരുത്ത് മാത്രമാണ്.
അതിനേറ്റവും മികച്ച ഉദാഹരണമാണ് സൗത്ത് കൊച്ചിയിലെ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ. ആട്ടവും പാട്ടുവുമായി ക്യാംപ് സജീവമാക്കുകയാണ് ഇവർ. കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകൾ കണ്ണീർക്കയങ്ങളാണെന്ന് കരുതിയെങ്കിൽ തെറ്റി. അവർ പതിയെ ഉയർത്തെണീക്കുകയാണ്. അതിജീവിക്കുമെന്നൊരു കനലുണ്ട് ദുരിതത്തിനിരയായ ഓരോ മനുഷ്യന്റെയും കണ്ണുകളിൽ.
ക്യാംപിലെത്തുന്നവരെ ഒറ്റയ്ക്കിരിക്കാനോ സങ്കടപ്പെടാനോ ക്യാംപ് വോളണ്ടിയർമാർ അനുവദിക്കാറില്ല. കവിത ചൊല്ലിയും പാട്ടുപാടിയും ക്യാംപ് ഇവർ സജീവമാക്കാനുള്ള പ്രോത്സാഹനം നൽകുന്നുണ്ട്. മാത്രമല്ല, വിവിധയിനം മത്സരങ്ങളും ഇവർ ക്യാംപിൽ സംഘടിപ്പിക്കുന്നുണ്ട്. സഹജീവികളെ അത്രമേൽ മനോഹരമായി ചേർത്തു പിടിക്കുന്നൊരു ജനത സദാ സന്നദ്ധരാണ് എന്നതിന്റ തെളിവാകുന്നുണ്ട് ഓരോ ദുരിതാശ്വാസ ക്യാമ്പുകളും.
