ഇടുക്കി: ഹൈറേഞ്ചിലെ സിഎച്ച്ആര്‍ മേഖലയിലെ ഏലത്തോട്ടങ്ങളില്‍ നിന്നും വന്‍മരങ്ങള്‍ മുറിച്ച് കടത്തുന്നു. കൊച്ചി - ധനുഷ്‌കൊടി ദേശീയപാതയോട് ചേര്‍ന്ന് കിടക്കുന്ന ചന്തപ്പാറയില്‍ നിന്നും മുറിച്ച് കടത്തിയത് നൂറ്റി അമ്പത് ഇഞ്ചിലധികം വണ്ണമുള്ള വന്‍ മരം. രാസവസ്തുക്കള്‍ ഉപയോഗിച്ച് മരങ്ങള്‍ ഉണക്കുന്നതായും സൂചനയുണ്ട്.
സിഎച്ച്ആര്‍ മേഖലയില്‍ നിന്നും മരം മുറിക്കലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുന്ന സഹാചര്യത്തിലാണ് ഇത്തരത്തില്‍ വന്‍തോതില്‍ മരംകൊള്ളം നടക്കുന്നത്. ദേശീയപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളക്കം വനംവകുപ്പ് തടഞ്ഞിരിക്കുന്നതും സിഎച്ച്ആറിന്റെ പേരുപറഞ്ഞാണ്. എന്നാല്‍ ഏലത്തോട്ടങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ തടികള്‍ മുറിച്ച് കടത്തുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിയ്ക്കുകയാണ്.
കൊച്ചി ധനുഷ്‌കൊടി ദേശീയപാത പൂപ്പാറ ആനയിറങ്കല്‍ റൂട്ടിലെ ഇരുവശത്തുമുള്ള ഏലത്തോട്ടങ്ങളിലെ ഉള്‍പ്രദേശത്ത് നിന്നുമാണ് വന്‍തോതില്‍ ഇത്തരത്തില്‍ മരങ്ങള്‍ മുറിച്ച് കടത്തിയിരിക്കുന്നത്. ആനയുടെ വിഹാര കേന്ദ്രമായ ഉള്‍പ്രദേശങ്ങളിലേയ്ക്ക് ആരും കടന്നു ചെല്ലാത്തത് മാഫിയാ സംഘങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നു. ഈ അവസരം മുതലെടുത്ത് വനമരങ്ങള്‍ ചുവടേ മുറിച്ച് ഇവിടെവച്ചുതന്നെ ഉരുപ്പടികളാക്കിയാണ് കടത്തുന്നത്.
നിര്‍മ്മാണം നടക്കുന്ന റിസോര്‍ട്ട് മാഫിയയുമായി ചേര്‍ന്നാണ് വന്‍തോതിലുള്ള വനനശീകരണം നടക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ വ്യാപകമായി മരംകൊള്ള നടക്കുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ട ഭാവം നടിക്കുന്നില്ല. അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ തോട്ടങ്ങളില്‍ നിന്നും മുറിച്ച് നീക്കണമെന്ന് ജില്ലാ കളക്ടര്‍ മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിന്റെ മറവില്‍ വന്‍ മരങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഉണക്കിയതിന് ശേഷം വെട്ടി കടത്തുന്നുണ്ടെന്ന് സൂചനയുമുണ്ട്. ദേശീയപാതയോരത്തെ പ്രദേശങ്ങളില്‍ നിന്നും മരങ്ങള്‍ മുറിച്ച് മാറ്റി ഫാം ടൂറിസം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ആരോപണമുണ്ട്.
