ദോഹ: ഖത്തറിനെ ലക്ഷ്യം വച്ചു അന്താരാഷ്ട്ര തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക ലാഭം ലക്ഷ്യമിട്ടു ഈ വര്‍ഷം മാത്രം ഖത്തറിന് നേരെ ഒരു ലക്ഷത്തില്‍ പരം സൈബര്‍ ആക്രമണങ്ങള്‍ നടന്നതായി സുരക്ഷാ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബാങ്ക് ഇടപാടുകള്‍ മനസിലാക്കാനും വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുക്കാനും സഹായകരമായ വൈറസുകളെ കടത്തിവിട്ടാണ് എല്ലാ മാസവും തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് സുരക്ഷാ ഏജന്‍സിയായ കാസ്‌പര്‍സ്‌കി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സൈബര്‍ ആക്രമണം നേരിടുന്ന ലോക രാജ്യങ്ങളില്‍ അതീവ ഗുരുതരമായ ഓറഞ്ച് വിഭാഗത്തിലാണ് ഖത്തറുള്ളത്. ഖത്തറിന് പുറമെ മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ കൂടി ഈ മേഖലയില്‍ നിന്ന് തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ട്. അതിനൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഖത്തര്‍ തങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നുണ്ടെങ്കിലും ആവശ്യമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വിഭാഗം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉറവിടം ഏതെന്നു വ്യക്തമാവാത്ത സ്മാര്‍ട്ട് മൊബൈല്‍ ഫോണുകളിലൂടെയാണ് മിക്ക തട്ടിപ്പുകളും നടക്കുന്നതെന്നാണ് വിവരം. ജനങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സുരക്ഷിതമാണോ എന്ന കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും ജാഗ്രതയില്ലാതെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും സുരക്ഷാ ഏജന്‍സിയായ കാസ്‌പര്‍സ്‌കി ലാബ് മുന്നറിയിപ്പ് നല്‍കി.
