സൈബർ കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കായി അബുദാബിയിൽ പുതിയ കോടതി സ്ഥാപിക്കുന്നു. ഇന്റർനെറ്റ് അനുബന്ധ കുറ്റകൃത്യങ്ങൾ മാത്രമായിരിക്കും ഈ കോടതി പരിഗണിക്കുക.

വിവര സാങ്കേതിക വിദ്യ, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമായി ഫെഡറല്‍ പബ്ളിക് പ്രോസിക്യൂഷന്‍ കോടതിയാണ് അബുദാബിയില്‍ സ്ഥാപിക്കുന്നത്. ആയുധങ്ങളുടെ വില്പ്പനയും പ്രചാരണവും, മനുഷ്യക്കടത്ത്, അനധികൃതമായുള്ള സംഭാവനകള്‍ സ്വീകരിക്കല്‍ തുടങ്ങി ഇന്‍റര്‍നെറ്റ് ഉപയോഗിച്ചുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും വിചാരണ ഈ കോടതിയിലായിരിക്കും.

യുഎഇ മന്ത്രിസഭയാണ് ഇത്തരത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമായി ഒരു കോടതി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. അനുവാദമില്ലാതെ റാലികള്‍ നടത്തുക, പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക, ദൈവനിന്ദ, പ്രവാചകന്മാരെ നിന്ദിക്കുക, മത നിന്ദ തുടങ്ങിയ കുറ്റകൃത്യങ്ങളും ഈ പ്രത്യേക കോടതിയായിരിക്കും പരിഗണിക്കുക.

മയക്കുമരുന്ന് ഉപയോഗിക്കുന്ന വിധവും മറ്റും പ്രോത്സാഹിപ്പിക്കുക, അനധികൃതമായുള്ള ഫണ്ട് വിനിമയം, അനധികൃത ഫണ്ട് കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുക തുടങ്ങിയവയെല്ലാം പുതിയ കോടതിയായിരിക്കും കൈകാര്യം ചെയ്യുക.

ഇന്‍റര്‍നെറ്റ് മുഖേനയുള്ള എല്ലാ കുറ്റകൃത്യങ്ങളും പരിഗണിക്കാന്‍ പ്രത്യേക കോടതി വരുന്നതോടെ ഇത്തരം കേസുകളില്‍ വിധി പ്രസ്താവം കൂടുതല്‍ വേഗത്തില്‍ ആക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.