ദില്ലി: സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കാൻ ഓണ്‍ലൈന്‍ പരാതി സംവിധാനവുമായി കേന്ദ്രസർക്കാർ. ഇതിനായി പുതിയ വെബ്‌സൈറ്റ് ജനുവരി 10 ന് ആരംഭിക്കും. സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നവർക്ക് ഈ വെബ്‌സൈറ്റിലൂടെ ഓൺലൈനായി പരാതി നൽകാം.
ക്രഡിറ്റ്, ഡബിറ്റ് കാർഡുകളിൽനിന്ന് പണം നഷ്ടപ്പെട്ടാൽ ഈ വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്ത് പരാതി റെജിസ്റ്റർ ചെയ്യാം. ബാങ്കുകൾക്കും ഈ വെബ്‌സൈറ്റ് പരിശോധിക്കാൻ അവസരം നൽകുന്നതോടെ പരാതി ബാങ്കുകളുടെ അതത് ഉദ്യോഗസ്ഥർക്ക് ലഭിക്കുകയും ഉടൻ നടപടിയെടുക്കുകയും ചെയ്യാമെന്നും ആഭ്യന്തരവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം തടയുന്നതിനും ഈ വെബ്‌സൈറ്റിനെ ഉപയോഗപ്പെടുത്തും. സോഷ്യൽ മീഡിയകളിലൂടെയുള്ള കുട്ടികൾക്കെതിരായ ആക്രമണങ്ങൾ, ബലാത്സംഗ വീഡിയോ പ്രചരിപ്പിക്കൽ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് പോർട്ടൽ ആരംഭിക്കുന്നതിന് സുപ്രീംകോടതി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിരുന്നു. സൈബർ ഇടങ്ങളിൽ നേരിടുന്ന ആക്രമണങ്ങൾക്കെതിരെ പരാതി നൽകുന്നതിനും ഈ വെബ്‌സൈറ്റിനെ ഉപയോഗപ്പെടുത്താനാകും.
സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്ന സ്ത്രീകൾക്ക് സ്‌ക്രീൻ ഷോട്ട്, വീഡിയോ, ഓഡിയോ തുടങ്ങിയവ സഹിതം എളുപ്പത്തിൽ പരാതി നൽകാം. പരാതിയിൽ ആഭ്യന്തരമന്ത്രാലയം പരിശോധ നടത്തിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറും.
സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കൂടിവരുന്നുവെന്നും പീഡന ദൃശ്യങ്ങൾ പ്രചരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഒരു എൻജിഎ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് കോടതി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയത്. ഇത് പ്രകാരം കുട്ടികൾക്കെതിരായ സൈബർ ലൈംഗികാതിക്രമങ്ങൾ നടയാൻ വെബ്‌സൈറ്റിൽ പ്രത്യേക ഇടം നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
courtesy : The Hindu
