നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം നേതാവ് തോമസ് ഐസക്.
തിരുവനന്തപുരം: നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം നേതാവ് തോമസ് ഐസക്. മമ്മൂട്ടി മഹാനടനെന്നും അദ്ദേഹം പ്രതികരിച്ചു. മമ്മൂട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വീട് സന്ദർശിച്ച സംഭവത്തെ തുടർന്നുണ്ടായിരിക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്.
മമ്മൂട്ടിയെ പിന്തുണച്ച് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ രംഗത്തെത്തി. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യർ മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോൾ സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങൾ ഉണ്ടാക്കാനിടയുള്ളഅപകടം ചെറുതാണോ എന്നും ചോദിച്ചു. സ്വന്തം അഭിപ്രായം വച്ചുപുലർത്തുന്ന ഒരാളുടെ വീട്ടിലെ ചടങ്ങിന് മാത്രമെ പോകാൻ പാടുള്ളു എന്നത് പൊളിറ്റിക്കലി കറക്ടായ ഒരു രീതിയാണോ? മമ്മൂട്ടി എന്ന കലാകാരനെ പേരെടുത്ത് വിമർശിക്കുന്നത് എന്തടിസ്ഥാനത്തിലെന്ന് മനസിലാകുന്നില്ല. നമ്മുടെ വൃത്തങ്ങൾ ചുരുക്കുകയല്ല, വിപുലപ്പെടുത്തുകയാണ് വേണ്ടതെന്നും കെ വി അബ്ദുൽ ഖാദർ പറഞ്ഞു.












