ബംഗാള്‍ ഉള്‍ക്കടലിലൂടെ മണിക്കൂറില്‍ പതിന്നാല് കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ ക്യാന്റ് എന്ന ചുഴലിക്കാറ്റ് സഞ്ചരിയ്ക്കുന്നത്. നാല് ദിവസം മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച ഉച്ചയോടെയാണ് ചുഴലിക്കാറ്റായി രൂപം മാറിയത്. തുടര്‍ന്ന് അതിവേഗത്തില്‍ മ്യാന്‍മര്‍ തീരത്തേയ്ക്ക് നീങ്ങിയ ചുഴലിക്കാറ്റ് ദിശമാറി ഒഡിഷ തീരത്തേയ്ക്ക് നീങ്ങുകയായിരുന്നു. എന്നാല്‍ വടക്കു നിന്നുള്ള ശക്തമായ കാറ്റിനെത്തുടര്‍ന്ന് ക്യാന്റ് അവിടെ നിന്ന് അപ്രതീക്ഷിതമായി ആന്ധ്രാ തീരത്തേയ്ക്ക് മാറി നീങ്ങിത്തുടങ്ങി. കാറ്റ് ശക്തമായി തുടരുകയാണെങ്കില്‍ ക്യാന്റ് ചുഴലിക്കാറ്റിന്റെ ശക്തി ചോരാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ തീരത്ത് അടിയ്ക്കുമ്പോള്‍ ക്യാന്റിന് ശക്തി കുറവാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രതീക്ഷ. മണിക്കൂറില്‍ 50 മൈല്‍ വേഗതയിലാകും ആന്ധ്രാ തീരത്ത് ക്യാന്റ് വീശിയടിയ്ക്കുകയെന്നാണ് ഇപ്പോഴത്തെ നിഗമനം.