ദില്ലി: കലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നതിൽ വരുത്തിയ വീഴ്ചയെ കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് ശശി തരൂർ. 20 കോടി ചിലവിട്ട് സൈക്ളോണ്‍ മുന്നറിയിപ്പിനായി സ്ഥാപിച്ച സംവിധാനത്തിന്‍റെ അവസ്ഥ എന്തെന്ന് പരിശോധിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ലോകസഭയിലാണ് തരൂര്‍ ആവശ്യം ഉന്നയിച്ചത്. ഓഖി ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകുന്നതിൽ കേന്ദ്ര സർക്കാർ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് പി കരുണാകരൻ എംപിയും സംഭയില്‍ ആരോപിച്ചു. 

കഴിഞ്ഞ ദിവസം എല്‍ഡിഎഫ്, യുഡിഎഫ് എം പിമാര്‍ ചേരിതിരിഞ്ഞ് പ്രധാനമന്ത്രിയെ കണ്ടിരുന്നു. ആവശ്യങ്ങള്‍ കൃത്യമായി അറിയിക്കാനും ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച പ്രധാനമന്ത്രിയെ അറിയിക്കാന്‍ ആയിരുന്നു സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് എം പിമാര്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് എംപിമാര്‍ സന്ദര്‍ശന വിവരം അറിയിച്ചില്ലെന്നാണ് എല്‍ഡിഎഫ് എംപിമാരുടെ പ്രതികരണം. ഓഖി ദുരിതബാധിതർക്ക് കേന്ദ്ര സഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു എം പിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. ഓഖി വീഴ്ചയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.