തമിഴ്നാട്ടിലും ആന്ധ്രയിലും കനത്ത മഴ ഇപ്പോഴും തുടരുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം അടച്ചു. സബര്‍ബന്‍ ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിലേക്കുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചുവിട്ടു. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. ഐടി മേഖല അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ചെന്നൈ നഗരത്തില്‍ മിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ആന്ധ്രപ്രദേശില്‍ ക്രൂഡ് ഓയില്‍ കയറ്റിവന്ന ടാങ്കര്‍ ലോറി കാറ്റില്‍പെട്ട് മറിഞ്ഞു.

ആന്ധ്രയിലെ ശ്രീഹരിക്കോട്ട പ്രദേശത്താണ് കാറ്റ് എത്തിച്ചേരുന്നത്. അര്‍ദ്ധ സൈനിക വിഭാഗങ്ങളെ രണ്ട് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്. 200ഓളം പുനരധിവാസ കേന്ദ്രങ്ങള്‍ തമിഴ്നാട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്.  വീടിന് പുറത്തിറങ്ങരുതെന്നും മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്ത് സൂക്ഷിക്കണമെന്നും  സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരങ്ങളും മറ്റും ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ നിര്‍ദ്ദേശം ലഭിച്ചാല്‍ ഉടന്‍ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യോമ, നാവിക സേനകളും തയ്യാറായി നില്‍ക്കുകയാണ്. രണ്ട് സംസ്ഥാനങ്ങളിലും ഓട്ടേറ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ അണക്കെട്ടുകളില്‍ വലിയ തോതില്‍ വെള്ളം നിറയുന്നുണ്ട്. അണക്കെട്ടുകള്‍ തുറക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുമോ എന്ന് സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്.