ദില്ലി: രാജ്യസുരക്ഷ സംബന്ധിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും തിരിച്ചറിയാനും പരിഹരിക്കാനുമായി കോണ്‍ഗ്രസ് രൂപവത്കരിക്കുന്ന ടാസ്ക് ഫോഴ്സിന് ലെഫ്. ജനറല്‍ (റിട്ട) ഡി എസ് ഹൂഡ നേതൃത്വം നല്‍കും. 2016ല്‍ അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനാണ് ഹൂഡ.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഔദ്യോഗികമായി ഈ വിവരം അറിയിച്ചത്. പൊലീസില്‍ നിന്നും സെെന്യത്തില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് കോണ്‍ഗ്രസിന്‍റെ ടാസ്ക് ഫോഴ്സില്‍ അംഗങ്ങളായിരിക്കുക. രാജ്യസുരക്ഷ സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ടായിരിക്കും ഇവര്‍ തയാറാക്കുക.

ഇന്ത്യന്‍ ആര്‍മിയുടെ മുന്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ജനറല്‍ ആയിരുന്ന ഹൂഡ നോര്‍ത്തേണ്‍ ആര്‍മിയുടെ കമാന്‍ഡറായി സേവനം അനുഷ്ഠിക്കുന്ന സമയത്താണ് പാകിസ്ഥാനെതിരെ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രെെക്ക് നടത്തിയത്. പിന്നീട് മിന്നലാക്രമണത്തിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് ഹൂഡ‍ പ്രതികരിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.