ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡി.വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി 


ചെങ്ങന്നൂര്‍: ഡി.വിജയകുമാര്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ അന്തിമ ധാരണയായിട്ടുണ്ട്. എന്നാല്‍ അന്തിമപ്രഖ്യാപനം ഡല്‍ഹിയില്‍ നിന്ന് ഹൈക്കമാന്‍ഡാവും നടത്തുക. ഇതു രണ്ടു ദിവസത്തിനുള്ളിലുണ്ടാവും. ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ മുതിര്‍ന്ന നേതാക്കളെ കെപിസിസിയുടെ രാഷ്ട്രീയ കാര്യസമിതി ചുമതലപ്പെടുത്തിയിരുന്നു. 

ചെങ്ങന്നൂരില്‍ അയ്യപ്പസേവാ സംഘം നേതാവും മേഖലിലെ കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവുമാണ് ഡി.വിജയകുമാര്‍. ഡി.വിജയകുമാറും അദ്ദേഹത്തിന്റെ മകള്‍ ജ്യോതി വിജയകുമാറുമായിരുന്നു സ്ഥാനര്‍ഥിയായി നേതൃത്വത്തിന്റെ അന്തിമപരിഗണനയിലുണ്ടായിരുന്നത്. 

യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നു വന്ന ഡി.വിജയകുമാര്‍ അണികള്‍ക്കിടയിലും സ്വീകാര്യനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ ത്രികോണമത്സരം ഉറപ്പായ സാഹചര്യത്തില്‍ യു.ഡി.എഫ് വോട്ടുകള്‍ ഉറപ്പിക്കാനും ബിജെപി വോട്ടുകളില്‍ വിളളല്‍ വീഴ്ത്താനും വിജയകുമാറിനെ രംഗത്തിറക്കുന്നത് വഴി സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നു. അയ്യപ്പസേവാസംഘം നേതാവെന്ന നിലയില്‍ ചെങ്ങന്നൂര്‍ മേഖലയില്‍ വിജയകുമാറിനുള്ള സ്വാധീനവും പാര്‍ട്ടി കണക്കിലെടുത്തുവെന്നാണ് സൂചന.